പാറയിലിടിച്ച് തകർന്ന കപ്പലിൽനിന്ന് 14 ഇന്ത്യൻ നാവികരെ ദുബായ് പൊലീസ് രക്ഷിച്ചു. കഴിഞ്ഞ ദിവസം രാവിലെ 6.15 ഓടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമിൽ അപകടം സംബന്ധിച്ച വിവരം എത്തിയത്. ഉടൻ കടൽ, ആകാശ മാർഗങ്ങളിലൂടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
അര മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യത്തിലൂടെയാണ് പൊലീസ് നാവികരെ രക്ഷിച്ചത്. ശക്തമായ കാറ്റും തിരമാലയും കാരണം ‘ഖദീജ 7’ എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. ദേര ഐലൻഡിലെ പാറയിൽ ഇടിച്ചതിനെ തുടർന്ന് വെള്ളം കപ്പലിലേക്ക് കയറുകയായിരുന്നു. തുടർന്നാണ് കപ്പൽ ജീവനക്കാർ അപകട സന്ദേശമയച്ചത്.
പൊലീസ് ഹെലികോപ്ടറാണ് കപ്പൽ കണ്ടെത്തിയത്. എന്നാൽ, ഉയരത്തിൽ പൊങ്ങിയ തിരമാല കാരണം രക്ഷാദൗത്യ ബോട്ടുകൾക്ക് കപ്പലിന്റെ സമീപം ചെല്ലാൻ സാധിച്ചില്ല. തുടർന്ന് കപ്പലിലേക്ക് കയർ എറിഞ്ഞുകൊടുത്ത് ഓരോരുത്തരെയായി ബോട്ടിൽ എത്തിക്കുകയായിരുന്നു.