തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ 133 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സീൻ നല്കിത്തുടങ്ങും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വാക്സീൻ എടുക്കുന്നതിൽ ആശങ്ക വേണ്ടെന്നും കുത്തിവയ്പ്പ് എടുക്കുന്നതോടെ കൂടുതൽ പേരെ സുരക്ഷിതരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. രോഗത്തെ ചെറുക്കാനുള്ള യുദ്ധത്തിൽ പ്രധാന ആയുധമാണ് പുറത്തെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തും. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഡ് വാക്സീൻ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതൽ വിതരണം ചെയ്യും. ശീതികരണ സംവിധാനം ഉറപ്പാക്കിയാണ് വിതരണം. ശനിയാഴ്ച മുതല്‍ കുത്തിവയ്പ്പ് ആരംഭിക്കും. തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഷീൽഡ് വാക്സീൻ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വാക്‌സിൻ ആദ്യഡോസ് എടുത്താൽ സുരക്ഷിതരായി എന്ന് കരുതരുത്. 28 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാം ഡോസ് വാക്‌സിനും എടുത്തിരിക്കണം. രണ്ടാം ഡോസ് എടുക്കുന്നത് വരെ മുൻകരുതൽ തുടരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിൻ (73000 ഡോസ്) ലഭിക്കുക. കാസർകോട് ജില്ലയിൽ ഏറ്റവും കുറവ് (6860 ഡോസ്) ലഭിക്കും. തിരുവനന്തപുരത്തെ മേഖല കേന്ദ്രത്തില്‍ നിന്ന് തിരുവനന്തപും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് വാക്സീൻ എത്തിക്കുക. കൊച്ചിയില്‍ നിന്ന് എറണാകളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിൽ എത്തിക്കും. കോഴിക്കോട് കേന്ദ്രത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളിലേക്കും വാക്സീനെത്തിക്കും. വാക്‌സിൻ കിട്ടുന്നതനുസരിച്ച് ഓരോ ജില്ലയിലും നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങള്‍ സജ്ജമാക്കും. കേരളത്തിലേക്കാവശ്യമായ അടുത്ത ഘട്ടം വാക്സീൻ ഫെബ്രുവരി ആദ്യ ആഴ്ചയോടെ ലഭിച്ചു തുടങ്ങും.