റിയാദ്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സൗദി അറേബ്യയുടെ എംബസി ഉടൻ തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രിയോടൊപ്പം റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ എംബസിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പൂര്‍ണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി അഞ്ചിന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ വെച്ചുനടന്ന നാല്പത്തൊന്നാമത് ഉച്ചകോടിയില്‍ വെച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ചരിത്രപരമായ കരാറുകളിൽ ഒപ്പുവെച്ചത്.