റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജിസാന്‍ പ്രവിശ്യയിലുള്ള അല്‍ ആരിദ ഗവര്‍ണറേറ്റിലെ അതിര്‍ത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. യെമനില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് ജിസാന്‍ റീജ്യന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍ ഹസന്‍ അല്‍ സംഗാന്‍ പറഞ്ഞു. മിസൈൽ ആക്രമണത്തില്‍ ഒരു പുരുഷനും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. പരിസരത്തുണ്ടായിരുന്ന ഒരു വാഹനത്തിനും ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ഉടന്‍തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.