മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജ്യത്തിന്റെ വിമാനത്താവള വിപുലീകരണ പദ്ധതിയിൽ പ്രവർത്തിക്കുന്ന നിരവധി ഉദ്യോഗസ്ഥരുമായും പ്രതിനിധികളുമായും ഓൺലൈൻ കൂടിക്കാഴ്ച നടത്തി.
ഗതാഗത വാർത്താവിനിമയ മന്ത്രി ശ്രീ. കമൽ ബിൻ അഹമ്മദ് മുഹമ്മദും യോഗത്തിൽ പങ്കെടുത്തു.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ, എയർപോർട്ട് വിപുലീകരണ പദ്ധതിയിൽ പ്രവർത്തിക്കുന്ന കമ്പനികൾ കാണിക്കുന്ന ശ്രമങ്ങളും പ്രതിബദ്ധതയും യോഗത്തിൽ പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.
എയർപോർട്ട് വിപുലീകരണ പദ്ധതി പൂർത്തീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച രാജ്യത്തിന്റെ വിദഗ്ധ തൊഴിലാളികളെ പ്രധാനമന്ത്രി പ്രശംസിക്കുകയും, ജനുവരി 28 മുതൽ പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടം, വിജയകരമായി പ്രവർത്തനമാരംഭിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.
എയർപോർട്ട് വിപുലീകരണ പദ്ധതിയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഉദ്യോഗസ്ഥരും പ്രതിനിധികളും പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ അന്തിമ തയ്യാറെടുപ്പുകൾ ഉൾപ്പെടെ പദ്ധതിയിലെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കിരീടാവകാശിയായ പ്രധാനമന്ത്രിയോട് സംവദിക്കാൻ അവസരം ലഭിച്ചതിൽ അവർ നന്ദി അറിയിച്ചു.