തിരുവനന്തപുരം: കേരളത്തിൽ ഇന്ധന വിലയിൽ കുതിപ്പ് തുടരുകയാണ്. ഇന്നലെ പെട്രോൾ വില ലിറ്ററിന് 25 പൈസ വർധിച്ച് 85.36 രൂപയും ഡീസലിന് 27 പൈസ വർധിച്ച് 79.51 രൂപയിലുമെത്തി. കഴിഞ്ഞ ആറു മാസം കൊണ്ട് പെട്രോൾ വില ലിറ്ററിന് 10 രൂപയിലേറെ ഉയർന്നിട്ടുണ്ട്. ദിവസേനയുള്ള നേരിയ വർധന തുടർന്നാൽ ഇന്ധന വില പുതിയ റെക്കോർഡുകൾ ഭേദിക്കും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയെയും രൂപയുടെ ഡോളർ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 52-53 ഡോളർ നിലവാരത്തിൽ നിൽക്കുമ്പോഴും രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.