മനാമ: ബഹ്‌റൈൻ-യുഎസ് സൗഹൃദ ബന്ധവും, ദൃഡമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈൻ രാജാവിന്റെ ശ്രദ്ധേയമായ ശ്രമങ്ങൾക്കുള്ള ബഹുമതിയായി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് ‘ലെജിയൻ ഓഫ് മെറിറ്റ്’ സമ്മാനിച്ചു.
യുഎസുമായുള്ള സഹകരണം വിപുലീകരിക്കുന്നതിൽ ബഹ്റൈൻ രാജാവ് വഹിച്ച പങ്ക്, രണ്ട് രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിനും, ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനും കാരണമായത് കണക്കിലെടുത്താണ് ഈ ബഹുമതി.
ചടങ്ങിൽ ‘ലെജിയൻ ഓഫ് മെറിറ്റ്’ ബഹ്റൈൻ രാജാവിന് സമ്മാനിച്ചതിൽ പ്രസിഡന്റ് ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. “കിരീടാവകാശി, അമീർ, രാജാവ് എന്നീ നിലകളിൽ പതിറ്റാണ്ടുകളായി ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ അമേരിക്കയുടെ സുസ്ഥിരമായ സഖ്യകക്ഷിയാണെന്ന് തെളിയിച്ചു.” പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഒന്നിലധികം സുപ്രധാന പ്രവർത്തനങ്ങൾക്കായി, യുഎസ് നാവികസേനയുടെ ബഹ്‌റൈനിലെ അഞ്ചാമത്തെ കപ്പലിന് ബഹ്‌റൈൻ പിന്തുണ അനിവാര്യമാണെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
സമാധാനത്തിനായുള്ള രാജാവിന്റെ പിന്തുണയിലും, ഇസ്രായേലുമായി സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനത്തിലും പ്രതിഫലിച്ച രാജാവിന്റെ ധൈര്യത്തെയും കാഴ്ചപ്പാടിനെയും പ്രസിഡന്റ് ട്രംപ് പ്രശംസിച്ചു.
ഈ ബഹുമതിക്ക് ഹമദ് രാജാവ് പ്രസിഡന്റ് ട്രംപിനോട് നന്ദി പറഞ്ഞു. ദീർഘകാലമായി അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷി എന്ന നിലയിൽ തുടർന്നും മേഖലയിലേയും, ലോകത്തിന്റേയും സമാധാനത്തിനായി ചേർന്ന് പ്രവർത്തിക്കാൻ അഭിമാനമുണ്ടെന്നും രാജാവ് പറഞ്ഞു.
യുഎസ് സഖ്യ രാഷ്ട്രങ്ങളിലെ നേതാക്കളുടെ മഹത്തായ ഇടപെടലുകൾക്ക് നൽകി വരുന്ന പ്രത്യേക ബഹുമതിയാണ് ‘ലെജിയൻ ഓഫ് മെറിറ്റ്’ ഈ ബഹുമതി ഹമദ് രാജാവിനെ തേടിയെത്തിയത് മേഖലയിൽ സ്ഥിരതയും സമാധാനവും അഭിവൃദ്ധിയും നിലനിർത്താനുള്ള അദ്ദേഹത്തിന്റെ വിലപ്പെട്ട ശ്രമങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുന്നു.