മനാമ: മാന്ത്രികക്കല്ലിൻ്റെ കഥയുമായി ഫാൻ്റസി രചനകളിലേക്ക് തൂലിക ചലിപ്പിച്ചിരിക്കുകയാണ് പ്രവാസി മലയാളി വിദ്യാർഥിയായ ആറാം ക്ലാസുകാരൻ ‘അനികൈറ്റ് ബാലൻ’. ബഹ്റൈൻ ഏഷ്യൻ സ്കൂൾ വിദ്യാർത്ഥിയായ അനികൈറ്റ് ബാലന്റെ ചെറുകഥ ‘ ദി മാജിക്കൽ സ്റ്റോൺ’ ചെന്നൈ ആസ്ഥാനമായ നോഷൻ പ്രസ്സ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകം ഇപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് പ്രസാധകരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
കുട്ടികൾക്ക് വേണ്ടി മുതിർന്നവർ എഴുതുന്ന ബാലസാഹിത്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരു സ്കൂൾ വിദ്യാർത്ഥി തന്നെ മികച്ച കയ്യടക്കത്തോടെ രചിച്ച ഒരു കഥ എന്ന നിലയിൽ ഇതിനോടകം തന്നെ ‘ദി മാജിക്കൽ സ്റ്റോൺ’ കുട്ടികളും മുതിർന്നവരുമായ വായനക്കാരുടെ ഹൃദയം കവർന്നു കഴിഞ്ഞു. പ്രമുഖ എഴുത്തുകാരായ എം. മുകുന്ദൻ, അമ്രിത് ലാൽ, രൂപ പൈ തുടങ്ങിയവർ മാജിക്കൽ സ്റ്റോണിന് ആശംസകൾ അറിയിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
കോഴിക്കോട് ജില്ലയിലെ വടകര ഓർക്കാട്ടേരിയാണ് അനികൈറ്റിൻ്റെ സ്വദേശം. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനും, റോയൽ കോർട്ട് ഷെഫുമായ യു.കെ ബാലൻ്റെയും ശ്രീഷയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. സഹോദരൻ അകുൽ അങ്കജ്.
നന്നായി വായിക്കുകയും, ഇടക്കൊക്കെ കഥകളും കവിതകളും എഴുതുകയും, കാർട്ടൂൺ വരക്കുന്നതുമാണ് പന്ത്രണ്ട് കാരനായ അനികൈറ്റിന്റെ പാഠ്യേതര വിനോദങ്ങൾ. സാധാരണ അനികൈറ്റിന്റെ പ്രായമുള്ള കുട്ടികൾ ഹാരിപോട്ടറും, അവഞ്ചേഴ്സുമൊക്കെ ഇഷ്ടപ്പെടുമ്പോൾ തനിക്കും അങ്ങനെ ഒരു കഥ എഴുതിയാൽ എന്തെന്ന ആലോചനയിലായിരുന്നു ആ ആറാം ക്ലാസുകാരൻ. പിന്നെ ഒട്ടും താമസിച്ചില്ല, തന്റെ ഭാവനയിൽ വിരിഞ്ഞ മായജാലക്കഥ ‘ ദി മാജിക്കൽ സ്റ്റോൺ’ അവൻ എഴുതിത്തുടങ്ങി. ഏകദേശം ഒരു വർഷം എടുത്താണ് ഈ കൊച്ചുമിടുക്കൻ ഈ കഥ പൂർത്തിയാക്കിയത്. പഠനത്തിന്റെ ഒഴിവു സമയങ്ങളിൽ താൻ കഥയെഴുതുകയാണെന്ന് കൂട്ടുകാർക്കൊ അധ്യാപകർക്കൊ അവൻ ഒരു സൂചന പോലും കൊടുത്തില്ല.അച്ഛൻ യു.കെ. ബാലനും അമ്മ ശ്രീഷക്കും മാത്രമായിരുന്നു മകൻ ഒരു കഥയുടെ പണിപ്പുരയിലാണെന്ന് അറിയുമായിരുന്നത്. അനികൈറ്റിന്റെ മാജിക്കൽ സ്റ്റോണിന്റെ ആദ്യ വായനക്കാരും അവർ തന്നെയായിരുന്നു. കഥ പ്രസിദ്ധീകരണത്തിനയക്കും മുൻപ് ഏഷ്യൻ സ്കൂളിലെ പ്രിൻസിപ്പൽ ആയ മോളി മാമനോടും പറഞ്ഞു. അവരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ആണ് ലഭിച്ചതെന്ന് അനികൈറ്റ് ബാലൻ പറയുന്നു.
സെഗല്ല എന്ന കഥാപാത്രം രാത്രി തന്റെ മുറിയിൽ ഉറങ്ങിക്കിടക്കവെ ഒരു മായാജാലക്കൊട്ടാരത്തിൽ എത്തിപ്പെടുകയും, ആ കൊട്ടാരത്തിൽ നിന്ന് മോഷണം പോയ മാന്ത്രിക കല്ല് കണ്ടെത്തുക എന്ന വെല്ലുവിളി ഏറ്റെടുത്ത് സാഹസികമായി മുന്നോട്ടു പോകുന്നതാണ് ‘ദി മാജിക്കൽ സ്റ്റോണി’ന്റെ ഇതിവൃത്തം.
മാഹി എക്സൽ പബ്ലിക് സ്കൂളിൽ ആണ് കൊച്ചു കഥാകൃത്തായ അനികൈറ്റ് ബാലൻ യൂ.കെ.ജി, ഒന്നാം ക്ലാസ് പഠനം ആരംഭിച്ചത്. തുടർന്നാണ് മാതാപിതാക്കൾക്കൊപ്പം ബഹ്റൈനിൽ എത്തി ഏഷ്യൻ സ്കൂളിൽ ചേർന്നത്.