മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ അടക്കമുള്ള കോണ്ഗ്രസ് നേതാക്കൾക്കെതിരെയുള്ള സോളാർ കേസ് ഭരണം അവസാനിക്കുന്ന അവസാന സമയത്ത് സി ബി ഐയെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് ഇട്ടത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഐവൈസിസി ബഹ്റൈൻ. അഞ്ച് വർഷം തലങ്ങും വിലങ്ങും സംസ്ഥാന പൊലീസ് അന്വേഷണം നടത്തി യാതൊരു തെളിവും കിട്ടാതിരുന്ന കേസ് പരാതിക്കാരി സരിതാ നായർ സി ബി ഐ അന്വേഷണം വേണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് സർക്കാരിനെ സമീപിച്ചപ്പോൾ പൊടുന്നനെ സർക്കാർ ഉത്തരവിട്ടത് നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. തുടർഭരണം ഉണ്ടാകുമെന്ന് കാടിളക്കി പ്രചാരണം നടത്തുന്ന സർക്കാർ, കേരളത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ ഉമ്മൻചാണ്ടിയെ ഏല്പിച്ചതും പ്രമുഖ നേതാക്കളെ എല്ലാം കൂട്ടിച്ചേർത്തു പത്തംഗ സമിതി ഉണ്ടാക്കിയതും തുടർന്ന് യുഡിഎഫ് പ്രകടന പത്രികയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി ഉൾപ്പെടുത്തി എന്നതും എല്ലാം കേട്ട് തങ്ങൾക്ക് അനുകൂലമായി ഉണ്ടായിരുന്ന അവസ്ഥ മാറി വരുന്നു എന്നത് കൊണ്ട് ഇറക്കിയ അവസാന കച്ചി തുരുമ്പ് ആണ് സോളാർ കേസ്. കൊട്ടോഘോഷിച്ച ഭരണ നേട്ടങ്ങൾ ഏശാതെ വന്നപ്പോൾ സോളാറും സരിതയും തന്നെ വേണം എന്ന ചിന്തയിലാണ് സർക്കാർ എന്നും ഐവൈസിസി ആരോപിച്ചു.
ഷുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊല കേസ്, വാളയാർ പീഡന കേസ് തുടങ്ങിയ പ്രമാദമായ കേസുകളിൽ സിബിഐ അന്ന്വേഷണം നിരസിച്ച സർക്കാർ, സിബിഐ വരാതിരിക്കാൻ കോടിയോളം രൂപ ഖജനാവിൽ നിന്നു മുടക്കി സുപ്രീംകോടതിയിൽ നിന്ന് വക്കീലന്മാരെ കൊണ്ട് വന്നു കേസ് വാദിച്ചത് കേരളം മറന്നിട്ടില്ല. സ്വർണ്ണ കളളക്കടത്ത് കേസിൽ അടക്കം ,ലൈഫ് ഭവന പദ്ധതിയിൽ അടക്കം കേന്ദ്ര ഏജൻസികളുടെ അന്ന്വേഷണം കേന്ദ്രസർക്കാറിന്റെ പകപോക്കൽ ആണെന്ന് പറഞ്ഞ അതെ ആളുകൾ തന്നെയാണ് സോളാറിൽ സ്വന്തം അന്ന്വേഷണ ഏജൻസി റിപ്പോർട്ടുകളിൽ വിശ്വാസം പോരാതെ ഇപ്പോൾ സിബിഐ യെ സമീപിക്കുന്നത്. ഇതു മനസ്സിലാക്കാൻ കേരള ജനതക്കാകുമെന്നും ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൻ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.