മനാമ: ബാങ്ക് തട്ടിപ്പ് കേസുകളിൽ 10 ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തതായി ആന്റി കറപ്ഷൻ ആന്റ് ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ അറിയിച്ചു.
ഇരകളെ വിളിച്ച് ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ എടുക്കുകയും ബഹ്‌റൈനിന് പുറത്ത് നിന്ന് പണം തട്ടിയെടുത്തുമാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. മലയാളികളടക്കം നിരവധി പേർ ഇതിനോടകം രാജ്യത്ത് തട്ടിപ്പിനിരയായിട്ടുണ്ട്.
വിദേശത്ത് അവശേഷിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വകുപ്പ് ഇന്റർനാഷണൽ അഫെയേഴ്സുമായും, ഇന്റർപോൾ ഡയറക്ടറേറ്റുമായും ഏകോപിപ്പിച്ചുകൊണ്ടുള്ള അന്വേഷണം തുടരും.
പരാതികൾ ലഭിച്ചതിന് ശേഷം അടിയന്തര അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും ആന്റി കറപ്ഷൻ ആന്റ് ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ പറഞ്ഞു.
ഫോണിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ബാങ്കുകൾ അത്തരം വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്നും, ആർക്കും ബാങ്ക് വിശദാംശങ്ങൾ നൽകരുതെന്നും അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒടിപി നമ്പറുകൾ ഒരു കാരണവശാലും ഫോണിലൂടെ ആവിശ്യപ്പെടുന്നവർക്ക് കൈമാറരുത്.
ഇത്തരത്തിൽ എന്തെങ്കിലും തട്ടിപ്പിന് വിധേയമാവുകയാണെങ്കിൽ, ഉടൻ തന്നെ അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിനെ ബന്ധപ്പെടണമെന്നും , ആന്റി കറപ്ഷൻ ആന്റ് ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്നും, 992 എന്ന ഹോട്ട്‌ലൈനിൽ വിളിച്ച് നിയമനടപടികൾക്കാവശ്യമായ വിവരങ്ങൾ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.