മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വാരാന്ത്യത്തിൽ, ജനുവരി 27 മുതൽ 29 വരെ ഇന്ത്യൻ ഭക്ഷണ മേള നടത്തപ്പെടുമെന്ന് ലുലു മാനേജ്മെൻ്റ് അറിയിച്ചു. പ്രശസ്തമായ പതിനാല് ഇന്ത്യൻ റെസ്റ്റോറന്റുകൾ മേളയുടെ ഭാഗമാകും. ഈ ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 10 വരെ, മെയിൻറോഡിനോട് ചേർന്നുള്ള ദാനാ മാളിന്റെ വിശാലമായ പാർക്കിംഗ് ഏരിയയിൽ ആണ് ഇന്ത്യൻ ഭക്ഷണ മേള സംഘടിപ്പിക്കുന്നത്.
ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ഇന്ത്യയുടെ നാടൻ വിഭവങ്ങൾ, സന്ദർശകർക്ക് ഇന്ത്യയുടെ വൈവിധ്യമാർന്ന പാചക പാരമ്പര്യത്തിന്റെ അതിശയകരമായ രുചിഭേദങ്ങൾ പകർന്നു നൽകും.
എരിവും പുളിയുമുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങൾ, ഇന്ത്യയിലെ ടിബറ്റൻ സമൂഹം ജനപ്രിയമാക്കിയ മോമോസ്, കേരളത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള വിഭവങ്ങൾ, മുംബൈയുടെ തനതായ സ്ട്രീറ്റ് ഫൂഡ്സ്, ബംഗാളിൽ നിന്നുള്ള മധുരപലഹാരങ്ങൾ എന്നിവ ഒരു സ്ഥലത്ത് ആസ്വദിക്കാമെന്ന്
മേള വാഗ്ദാനം ചെയ്യുന്നു.
കോവിഡ് മാനദണ്ഡങ്ങളും സുരക്ഷയും ഉറപ്പ് വരുത്തിക്കൊണ്ട്, ജനങ്ങൾക്ക് നാല് ചുവരുകൾക്ക് വെളിയിൽ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന ഒരു അവസരമാണ് തങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ലുലുവിന്റെ വക്താവ് അറിയിച്ചു. ഇന്ത്യൻ ഭക്ഷണം ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഒന്നാണെന്നും, ഇത് ബഹ്‌റൈന്റെ, ഇന്ത്യൻ റെസ്റ്റോറന്റ് രംഗത്തെ ലുലുവിന്റെ മികച്ച സംഭാവനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ഫെബ്രുവരി 6 വരെ നീണ്ടു നിൽക്കുന്ന ആകർഷകമായ വിലക്കിഴിവോടെ ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപണന മേളയും ‘ഇന്ത്യ ഫെസ്റ്റ്’ എന്ന പേരിൽ ലുലുവിൽ നടന്നുവരുന്നുണ്ട്.
പരമ്പരാഗതമായി, ഇന്ത്യൻ റിപ്പബ്ലിക് ദിനം ഉപഭോക്താക്കൾക്ക് വളരെ പ്രധാനപ്പെട്ടതായതിനാൽ, ഇന്ത്യൻ ഭക്ഷ്യമേളയും വിലക്കിഴിവോടെ ഒരുക്കുന്ന ഇന്ത്യാ ഫെസ്റ്റും ഉപഭോക്താക്കളുടെ മനം കവരുമെന്ന് കരുതുന്നതായി ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു.