ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ ഡൽഹി നഗരം കീഴടക്കി കർഷകരുടെ ട്രാക്ടർ റാലി. ട്രാക്ടറുകളുമായി ഡല്‍ഹി നഗരത്തെ വലം വെക്കുന്ന കര്‍ഷകര്‍ തലസ്ഥാനത്തെ പല സ്ഥലങ്ങളിലും പോലീസുമായി ഏറ്റുമുട്ടി. നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പലയിടങ്ങളിലും ട്രാക്ടര്‍ പരേഡ് നടന്നത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. 12 മണിക്ക് തുടങ്ങുമായിരുന്നു ട്രാക്ടർ റാലി എട്ടു മണിക്ക് തന്നെ ഡൽഹി അതിർത്തി കടന്നിരുന്നു. പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് ഇടിച്ചു തകര്‍ത്ത് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കുതിച്ചു.
ആദ്യം സമാധാനപരമായി മുന്നേറിയിരുന്ന കര്‍ഷക റാലി ഐടിഒ പോലുള്ള തന്ത്രപ്രധാന പ്രദേശങ്ങളിലേക്ക് പ്രവേശിച്ചതോടെ പോലീസ് സംയമനം കൈവിട്ട് ലാത്തിയെടുത്ത് കര്‍ഷകരെ നേരിട്ടു. ലാത്തി ചാർജും കണ്ണീർ വാതക പ്രയോഗവും ട്രാക്ടറുകള്‍ അടിച്ചു തകര്‍ത്തും കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെക്കിലും പോലീസുകാര്‍ക്ക് നേരെ ട്രാക്ടര്‍ ഓടിച്ചാണ് കര്‍ഷകര്‍ ഇതിനെ നേരിട്ടത്. തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന വിവിധ അതിര്‍ത്തികളില്‍ നിന്നാരംഭിച്ച ട്രാക്ടര്‍ റാലി ഡല്‍ഹിയെ തൊട്ട് ഇരുനൂറിലേറെ കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. ചെങ്കോട്ട കീഴടക്കിയ കര്‍ഷകരില്‍ ചിലര്‍ അവിടെ തങ്ങളുടെ പതാകയും ഉയര്‍ത്തി.