ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ 153 പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റു. മൊത്തം 22 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പോലീസുകാർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. സംഘർഷത്തിൽ എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പലയിടങ്ങളിലും ട്രാക്ടര്‍ പരേഡ് നടന്നത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. പോലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡല്‍ഹി ഐടിഒയിലേക്ക് വലിയ സംഘമായി സമരക്കാരെത്തി. ന്യൂഡല്‍ഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്. പോലീസ് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ പൂര്‍ണമായും തകര്‍ത്തു. പോലീസുകാരെ ഇടിച്ചിട്ട് നീങ്ങാനുള്ള ശ്രമവും നടന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് നീങ്ങിയത്. കോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. നിരവധി പൊതുവാഹനങ്ങളും മറ്റ് വസ്തുക്കളുമാണ് റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിൽ നശിപ്പിക്കപ്പെട്ടത്. പൊലീസിന് മാത്രം, നൂറ് കോടിയോളം രൂപയുടെ വസ്തുക്കളുടെ നാശനഷ്ടം ഇത് വഴിയുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.