റിയാദ്: സൗദിയിൽ ജോലിയെടുക്കുന്ന പ്രവാസികൾക്ക് അവരുടെ റെസിഡന്റ് പെർമിറ്റ് (ഇഖാമ) ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. പ്രവാസികൾക്കും അവരുടെ തൊഴിൽദാതാക്കൾക്കും സന്തോഷം നൽകുന്ന വാർത്തയാണ് സൗദി മന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളിക്ക് ഇഖാമ എടുക്കുന്നതിനോ നിലവിലുള്ളയാൾക്ക് അത് പുതുക്കുന്നതിനോ ഒരു വർഷത്തേക്കുള്ള മുഴുവൻ ഫീസും അടക്കേണ്ടിയിരുന്നു. എന്നാൽ ഇനി ഇഖാമ നാലു തവണയായി അടച്ച് അത്രയും കാലയളവുകളിലേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം.
നിലവിൽ ഇഖാമ ഫീസും ലെവിയും ആരോഗ്യ ഇൻഷുറൻസും അടക്കം 12000ത്തോളം റിയാലാണ് ഒരു വർഷത്തേക്ക് വേണ്ടിവരുന്നത്. പുതിയ തീരുമാനം തൊഴിലുടമക്കും തൊഴിലാളികള്‍ക്കും ഏറെ ഉപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. എന്നാല്‍ വീട്ടുവേലയുമായി ബന്ധപ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തേക്കുമാത്രമായി ഇക്കാമ പുതുക്കാനാവില്ല. ഇവര്‍ കുറഞ്ഞത് 600 റിയാല്‍ ഫീസ് നല്‍കി ഒരുവര്‍ഷത്തേക്കുതന്നെ പുതുക്കണം