മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ മേഖലയിലെ എല്ലാ പൗരന്മാരെയും പ്രവാസികളേയും അഭിസംബോധന ചെയ്തു.
രാഷ്ട്രം കൈക്കൊണ്ട കോവിഡ് -19 പ്രതികരണപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ പൗരന്മാരുടെയും പ്രവാസികളുടെയും ജാഗ്രതയേയും അച്ചടക്കത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ടീം ബഹ്‌റൈൻ അതിശയിപ്പിക്കുന്ന രീതിയിലാണ് ശക്തമായ കൂട്ടായ്‌മകളിലൂടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വകഭേദം സംഭവിച്ച പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികളോടുള്ള പ്രതിബദ്ധതയും സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളും മറ്റും പരിമിതപ്പെടുത്തി സാമൂഹിക അകലം കർശനമായി നിലനിർത്തുകയും ചെയ്താൽ മാത്രമേ വരുന്ന മൂന്നാഴ്ചയ്ക്കുള്ളിൽ സാധാരണ നിലയിലേക്കുള്ള വേഗത്തിലുള്ള തിരിച്ചുവരവ് സാധ്യമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തങ്ങളെയും കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കാൻ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാൻ
അദ്ദേഹം എല്ലാ പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.
കോവിഡ് -19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യം അഭൂതപൂർവമായ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് മുൻനിര ആരോഗ്യപ്രവർത്തകർ കാണിച്ച ധൈര്യം, അർപ്പണബോധം, സേവനം എന്നിവയോടുള്ള ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചുകൊണ്ട് അദ്ദേഹം തന്റെ വാക്കുകൾ ഉപസംഹരിച്ചു.