ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യ അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വെ. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിന് മുന്നോടിയായി പാര്‍ലമന്റില്‍ വെച്ച സാമ്പത്തിക സര്‍വെയിലാണ് രാജ്യം മികച്ചവളര്‍ച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. നൂറ്റാണ്ടിലൊരിക്കല്‍മാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെയാണ് രാജ്യം നേരിട്ടത്. ആഗോളതലത്തില്‍ 90 ശതമാനത്തിലധികം രാജ്യങ്ങള്‍ ഈ പ്രതിസന്ധിയില്‍ പ്പെട്ടിരുന്നു. അടുത്തവര്‍ഷം v ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 23.9ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായി കുറയ്ക്കാന്‍ രാജ്യത്തിനായി. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും സാമ്പത്തിക സര്‍വെയില്‍ പറയുന്നു. പൊതുമേഖല ബാങ്കുകളുടെ മൂലധനംവര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക സര്‍വെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ആവശ്യത്തിന് മൂലധനമില്ലാതായാല്‍ വായ്പ ലഭ്യമാക്കുന്നതിനെ ബാധിക്കുകയും സാമ്പത്തിക വീണ്ടെടുക്കലിന് അത് തടസ്സമാകുകയും ചെയ്യും. രാജ്യത്തെ ബാങ്കിങ് മേഖലയിലെ 60ശതമാനംവിഹിതവും പൊതുമേഖല ബാങ്കുകളുടേതാണ്. 2021 സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ വിമാനസര്‍വീസുകള്‍ കോവിഡിനുമുമ്പുള്ള നിലയിലേയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മെയ് മാസത്തോടെ സ്വകാര്യ തീവണ്ടി സര്‍വീസുകളുടെ ലേലം പൂര്‍ത്തിയാക്കും. 2023-24 സാമ്പത്തിക വര്‍ഷത്തോടെ സ്വകാര്യ തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്നും സർവേയിൽ പറയുന്നു. സാമ്പത്തിക സർവെയ്ക്ക് ശേഷം സഭ പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് ബജറ്റ് അവതരണത്തിനായി വീണ്ടും സഭ ചേരും.