മനാമ: വൈറസ് വ്യാപനം കുറയ്ക്കുന്നതിന് പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് റെസ്റ്റോറന്റുകൾ, കഫേകൾ, ഷീഷ കഫേകൾ, മറ്റ് ഭക്ഷ്യ-പാനീയ സ്ഥാപനങ്ങൾ എന്നിവയോട് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം (MOCT) അഭ്യർത്ഥിച്ചു. ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാനദണ്ഡങ്ങൾ പുതുക്കിയത്. ഇത് പ്രകാരം റസ്റ്റോറന്റുകളിൽ ഇൻഡോർ ഡൈനിംഗ് നിരോധിക്കും.
ഇൻഡോർ ഡൈനിംഗ് നിരോധനം ഇന്ന് ജനുവരി 31 മുതൽ ആരംഭിച്ചിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം, ഔട്ട്‌ഡോർ ഏരിയകളിലെ റിസർവേഷനുകൾ ഓരോ ബുക്കിംഗിനും 30 ആളുകൾക്ക് മാത്രമായും, മേശകളിൽ അതിൽ ഇരിക്കാവുന്നതിന്റെ 50 ശതമാനമായും, ഒരു മേശയിൽ പരമാവധി 6 പേർ മാത്രമായും പരിമിതപ്പെടുത്തിയിരിക്കുന്നു. മേശകൾക്കിടയിൽ കുറഞ്ഞത് 2 മീറ്റർ അകലവും ഉണ്ടായിരിക്കണം.
നിയമങ്ങളോട് നിസ്സഹകരിക്കുന്നത് വലിയ വിപത്തിന് കാരണമാകുമെന്നും, നിയമലംഘകർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ വർദ്ധനവും, ജനിതക മാറ്റം വന്ന വൈറസിന്റെ ആവിർഭാവവും കണക്കിലെടുക്കുമ്പോൾ ഈ നടപടികൾ പാലിക്കുന്നത് വളരെ പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.