ന്യൂഡൽഹി: തദ്ദേശീയ ഉത്പന്നങ്ങൾ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം. മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കും പവര്‍ബാങ്കുകള്‍ക്കും 2.5 ശതമാനം കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കും. സോളാർ ഇൻവെർട്ടറിന്റെ കസ്റ്റംസ് തീരുവ 20 ശതമാനവും സോളാര്‍ റാന്തല്‍ വിളക്കിന്റേത് 15 ശതമാനവും വർധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിൽ പറഞ്ഞു. ഇവയ്‌ക്കെല്ലാം പുറമെ കോട്ടണ്‍, പട്ടുനൂല്‍, ചെമ്മീന്‍ തീറ്റ, പെട്രോള്‍, ഡീസല്‍, സ്റ്റീല്‍ സ്‌ക്രൂ, എസി, ഫ്രിഡ്ജ് എന്നിവയില്‍ ഉപയോഗിക്കുന്ന കംപ്രസറുകള്‍, രത്‌നക്കല്ലുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇവയുടെ വിലയും ഉയരും. സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ ബജറ്റില്‍ കുറച്ചിട്ടുണ്ട്. അതിനാൽ ഇവയുടെ വില കുറയും. ലെതര്‍ ഉല്പന്നങ്ങള്‍, നൈലോണ്‍ വസ്ത്രങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍, ചെമ്പ് എന്നിവയുടെ വിലയും കുറയും.