മനാമ: കോവിഡ് മഹാമാരി കാലത്ത് വരുമാനം നഷ്ടപ്പെട്ട് ദുരിതത്തിലായ ജനതയെ പൂര്‍ണമായും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്താവനയില്‍ പറഞ്ഞു. പാവപ്പെട്ടവരെ മറന്ന ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് വമ്പന്‍ ഇളവുകള്‍ നല്‍കി. പ്രവാസികളോടുള്ള അവഗണന ഈ കോവിഡ് കാലത്തും കേന്ദ്ര ബജറ്റ് തുടര്‍ന്നു. പ്രവാസികള്‍ക്കായി ദേശീയതലത്തില്‍ ക്ഷേമ പദ്ധതികളോ പുനരധിവാസ പദ്ധതികളോ ബജറ്റില്‍ ഇടം പിടിച്ചില്ല.
കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് നേരിട്ട് വരുമാനം എത്തിക്കാനും ആശ്വാസം പകരാനുമുള്ള പദ്ധതികളാണ് ആവശ്യം. എന്നാല്‍, അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ പൂര്‍ണമായും അവഗണിച്ച് കോവിഡ് കാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ ഇളവുകള്‍ തുടരുമെന്നാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്.
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ട നികുതി ഒഴിവാക്കി, റെമിറ്റന്‍സ് ഇന്ത്യഎന്‍ആര്‍ഐ കള്‍ക്ക് ഒരു അംഗ കമ്പനി ഉണ്ടാക്കാം എന്നിങ്ങനെ രണ്ടിടത്താണ് പ്രവാസി ഇന്ത്യക്കാരെ ബജറ്റ് പരിഗണിച്ചത്. എന്നാല്‍, മഹഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രയോജനകരമായ ഒന്നും ബജറ്റ് മുന്നോട്ട്‌വെക്കുന്നില്ല.
കോവിഡ് കാരണം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി ലക്ഷകണക്കിന് പേരാണ് തൊഴില്‍ നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയത്. അവധിക്ക് പോയ വലിയൊരു വിഭാഗത്തിന് ലോക്ഡൗണ്‍ കാരണം തിരിച്ചുവരാന്‍ കഴിഞ്ഞില്ല. അങ്ങിനെയും ആയിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതില്‍ വലിയൊരു ഭാഗവും കുറഞ്ഞ ശമ്പളക്കാരും ഇടിലക്കാരുമാണ്. ഇവര്‍ക്കായി വിപുലമായ പുനരധിവാസ പദ്ധതികളാണ് ആവശ്യം. സംസ്ഥാനങ്ങള്‍ മാത്രം വിചാരിച്ചാല്‍ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആവില്ല.
ലോക ബാങ്കിന്റെ കണക്ക് പ്രകാരം 2019ല്‍ 8,300 കോടി ഡോളറാണ് ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത്. 2018ല്‍ 7900 കോടി ഡോളറും. എന്നാല്‍, ഇത്തരത്തില്‍ രാജ്യത്തിന്റെ നെടുംതുണായ പ്രവാസി ഇന്ത്യക്കാര്‍ക്ക് ബജറ്റില്‍ അവരുടെ ദുരിതകാലത്ത് പരിഗണന ലഭിക്കാതെ പോയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളം പ്രവാസികള്‍ക്കായി വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ കേന്ദ്രം പ്രവാസികള്‍ക്കെതിരെ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് കേന്ദ്ര ബജറ്റ് വെളിവാക്കുന്നു.
സ്വകാര്യവല്‍ക്കരണവും നവ ഉദാരവതക്കരണവും തീവ്രമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുന്നത്. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കുത്തകക്ക് വിറ്റ് തുലക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വൈദ്യുതി, ഗതാഗത മേഖലകളുടെ സ്വകാര്യവല്‍ക്കരണം കേരളത്തിനു ഇരുട്ടടിയാകും. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ജനങ്ങളെ വീണ്ടും പിഴിയുകയാണ്. വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്താന്‍ പദ്ധതിയിടുന്ന കേന്ദ്ര ബജറ്റിനെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ബഹ്‌റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാറും പ്രസിഡന്റ് കെഎം സതീഷും പ്രസ്താവനയില്‍ പറഞ്ഞു.