ന്യൂഡൽഹി: പോലീസിന്റെ കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കാതെ കേന്ദ്രസർക്കാരുമായി തത്കാലം ചർച്ചയ്ക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച. കസ്റ്റഡിയിൽ ഉള്ള 122 പേരെ വിട്ടയക്കണമെന്നും റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കർഷകർ പറഞ്ഞു. ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ അറിയാനുള്ള അവകാശം പോലീസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും സംയുക്ത കിസാൻ മോർച്ച നേതാക്കൾ കുറ്റപ്പെടുത്തി. കർഷക സമരത്തെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം നടന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിര്‍ത്തിവെച്ചു. ചട്ടം 267 പ്രകാരം സഭാ നടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയ അംഗങ്ങൾ നൽകിയ നോട്ടീസ് രാജ്യസഭ അദ്ധ്യക്ഷൻ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ലോക്സഭയിലും കർഷകസമരം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎം ആരിഫും എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നീ അംഗങ്ങളും നോട്ടീസ് നൽകി.