തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് സിബിഐ. മരണ കാരണം കാർ അപകടമാണെന്നും അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും അർജുനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും സിബിഐ തീരുമാനിച്ചു.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെയാണു ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ132 സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും 100 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു. 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് ബാലഭാസ്‌കറിനും കുടുംബത്തിനും അപകടമുണ്ടായത്. ബാലഭാസ്‌കറിന്റെ മകൾ അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലുമാണ് മരിച്ചത്. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.