മനാമ: കോവിഡ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തിൽ , നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേർന്ന വാരാന്ത്യ മന്ത്രി സഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു.
കിരീടാവകാശിയും പ്രധാനമന്തിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ സമിതിയുടെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്ന് മന്ത്രിസഭ വിലയിരുത്തി. പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ എല്ലാ പൗരന്മാരും പ്രവാസികളും മുന്നോട്ട് വരണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്നും, ഇക്കാര്യത്തിൽ അലംഭാവമരുതെന്നും മന്ത്രിസഭ ഓർമിപ്പിച്ചു.
സാധ്യമായ എല്ലാ പ്രതിരോധനടപടികളും കർശനമായി തുടരുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. രാജ്യത്തെ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിൽ നാഷണൽ ഡിഫൻസ് ഫോഴ്സിന്റെ സേവനങ്ങൾ വിലപ്പെട്ടതാണെന്ന് മന്ത്രിസഭ വ്യക്തമാക്കി.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്(ബിഡിഎഫ്) രൂപീകരിച്ചതിന്റെ 53)ം വാർഷികത്തിൽ രാജ്യത്തിനായി സൈന്യം നൾകിവരുന്ന മഹത്തായ സേവനങ്ങളെ മന്തിസഭ അനുസരിച്ചു. ബിഡിഎഫിൽ അംഗങ്ങളായ സൈനീകർക്ക് മന്ത്രിസഭ അഭിവാദ്യങ്ങൾ നേർന്നു. രാജ്യത്തെ അതിർത്തികൾ സംരക്ഷിക്കുനങനതിലും, സുരക്ഷ ഉറപ്പക്കുന്നതിലുമുള്ള സൈന്യത്തിന്റെ അർപ്പണബോധം വിലമതിക്കാനാകാത്തതാണെന്ന് കിരീടാവകാശി പറഞ്ഞു.
സുരക്ഷാ സമിതിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും, ആയുധങ്ങളുടെ ഒഴുക്ക് തടയണമെന്നും, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടയണമെന്നും അടക്കമുള്ള, ദേശീയ തീവ്രവാദ ലിസ്റ്റ് സംബന്ധിച്ച് നിയമകാര്യ, മന്ത്രിതല സമിതി മുന്നോട്ടു വെച്ച നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ മൂലം താൽക്കാലികമായി പ്രവർത്തനം നിർത്തി വെച്ച സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരായ സ്വദേശികളുടെ വേതനത്തിന്റെ പകുതി തുക തംകിൻ തൊഴിൽ ഫണ്ടിൽ നിന്നും നൾകാൻ മന്ത്രിസഭ അംഗീകാരം നൽകി. ഇത്തരം സ്ഥാപനങ്ങളെ മൂന്ന് മാസത്തേക്ക് മുനിസിപ്പൽ ഫീസ് അടക്കുന്നതിൽ നിന്നും, ടൂറിസം മേഖലയിലെ സ്ഥാപനം ആണെങ്കിൽ ടൂറിസം ഫീസിൽ നിന്നും ഒഴിവാക്കി.
രാജ്യത്തെ ജലശ്രോതസ്സുകൾ സംരക്ഷിക്കാനും, എക്കണോമിക് വിഷൻ2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നിർദേശങ്ങൾ നടപ്പിലാക്കാനും മന്ത്രിസഭ തീരുമാനിച്ചു.