കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളത്ത് പ്രവർത്തനം ആരംഭിക്കുന്നു

milk

കൊച്ചി: കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ‘നെക്ടര്‍ ഓഫ് ലൈഫ്’ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് വൈകീട്ട് 3 മണിയ്ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. അമ്മയുടെ മരണം, രോഗബാധ അല്ലെങ്കില്‍ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്ന മുലപ്പാല്‍ ബാങ്ക് റോട്ടറി ഡിസ്ട്രിക്റ്റ് 3201 മുന്‍ ഗവര്‍ണര്‍ മാധവ് ചന്ദ്രന്റെ ആശയമാണ്. കേരളത്തില്‍ എറണാകുളത്തും തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലുമായി രണ്ട് മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികളുമായി റോട്ടറി ക്ലബ് മുന്നോട്ടുവന്നതെന്ന് മാധവ് ചന്ദ്രന്‍ പറഞ്ഞു. ഇന്ത്യയില്‍ 32 വര്‍ഷം മുമ്പ് തന്നെ മുലപ്പാല്‍ ബാങ്കെന്ന ആശയം വന്നിരുന്നെങ്കിലും കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്.

മുലപ്പാൽ ബാങ്കിൽ സര്‍ക്കാരിന്റെ മാര്‍ഗരേഖ പ്രകാരം പാല്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നടപ്പാക്കിയിട്ടുണ്ട്. ശേഖരിക്കുന്ന പാല്‍ 6 മാസം വരെ ബാങ്കില്‍ കേട് കൂടാതെ സൂക്ഷിക്കാനാവും. ജനറല്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പ്രാരംഭഘട്ടത്തില്‍ തികച്ചും സൗജന്യമായി പാൽ ലഭ്യമാക്കുക. പിന്നീട് പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതി.

ആശുപത്രിയില്‍ തന്നെ പ്രസവം കഴിഞ്ഞതും ആരോഗ്യ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളതുമായ അമ്മമാര്‍ തന്നെയായിരിക്കും മുലപ്പാൽ ദാതാക്കൾ. പാസ്ച്ചറൈസേഷന്‍ യൂണിറ്റ്, റഫ്രിജറേറ്ററുകള്‍, ഡീപ് ഫ്രീസറുകള്‍, ഹോസ്പിറ്റല്‍ ഗ്രേഡ് ബ്രസ്റ്റ് പമ്പ്, ആര്‍ഒ പ്ലാന്റ്, സ്റ്റെറിലൈസിങ് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ അടങ്ങുന്ന മുലപ്പാല്‍ ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചത്. മാസം തികയുന്നതിന് മുമ്പ് ജനിക്കുന്ന തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, ആവശ്യമായ പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍, അമ്മമാരില്‍ നിന്നും പല കാരണങ്ങളാല്‍ അകന്ന് കഴിയേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് ബാങ്കില്‍ നിന്നുള്ള പാസ്ച്ചറൈസ് ചെയ്ത മുലപ്പാല്‍ നല്‍കുന്നത് അവരുടെ രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് റോട്ടറി കൊച്ചിന്‍ ഗ്ലോബലിലെ ഡോ. പോള്‍ പറഞ്ഞു. നവജാതശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുള്ള മഹത്തായ പ്രവര്‍ത്തിയില്‍ പങ്കാളികളാകാന്‍ മുലപ്പാല്‍ കൂടുതലുള്ള അമ്മമാരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!