bahrainvartha-official-logo
Search
Close this search box.

പുൽവാമ ആക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി; ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനം തകർത്തു, നിരവധി ഭീകരരെ വധിച്ചു, വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ

indo pak1

പുൽവാമ ആക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകര ക്യാമ്പുകൾ തകര്‍ന്നു. പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിൽ ഇന്ന് പുലർച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ബാലകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം പേർ കൊല്ലപ്പെട്ടതായാണ് സൂചന.

പാകിസ്ഥാനിലേക്ക് കടന്ന് വ്യോമാക്രമണം നടത്തിയെന്ന വിവരം ഇന്ത്യൻ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ സ്ഥിരീകരിക്കുകയും ചെയ്തു. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറി എന്നിവരുൾപ്പടെ നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി.

ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്‍റലിജൻസ് കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇതിനായി ഫിദായീൻ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ പാകിസ്ഥാനിൽ നിന്ന് തന്നെയുള്ള വിവരങ്ങൾ വച്ച് ജയ്ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകർക്കുകയായിരുന്നു. – വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

ബഹാവൽ പൂർ ആസ്ഥാനമായി ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ നിരവധി ഭീകരരുടെ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതായി ഇന്ത്യക്ക് വിവരം കിട്ടിയിരുന്നെന്നും ഈ വിവരങ്ങൾ പലപ്പോഴും പാകിസ്ഥാന് കൈമാറിയിരുന്നു. എന്നാൽ ഒരു നടപടിയും പാകിസ്ഥാൻ സ്വീകരിച്ചില്ല.

ഈ പരിശീലനകേന്ദ്രങ്ങൾ പാകിസ്ഥാന്‍റെ അറിവോടെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാവുകയാണെന്ന് ഇന്ത്യ പറയുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ കനത്ത ജാഗ്രതയിലായിരുന്നു. രാജ്യമെമ്പാടും വീണ്ടും ആക്രമണങ്ങൾക്ക് ജയ്ഷെ മുഹമ്മദ് തീവ്രവാദികൾ തയ്യാറെടുക്കുകയാണെന്നും ഇതിനായി ഫിദായീൻ ജിഹാദികളെ പരിശീലിപ്പിക്കുന്നതായും വിവരങ്ങൾ കിട്ടി.

ഈ സാഹചര്യത്തിൽ പ്രതിരോധത്തിന്‍റെ ഭാഗമായാണ് ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തിയത്. പാകിസ്ഥാനെതിരെയല്ല ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. പാക് പൗരൻമാരുടെ ജീവന് ഭീഷണിയാകരുതെന്ന് ഇന്ത്യ കണക്കുകൂട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ബാലാകോട്ടിൽ വനമേഖലയിലെ പരിശീലന ക്യാംപുകളിൽ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നു. വലിയ രീതിയിൽ ഭീകരവാദികൾക്ക് സൈനിക പരിശീലനം നൽകിയ ക്യാംപുകളിലാണ് ആക്രമണം നടത്തിയത്. ഇതിലൂടെ ജയ്ഷ് കമാൻഡർമാരടക്കമുള്ളവരെ വധിച്ചെന്നും ഇന്ത്യ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!