റിയാദ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന പാർട്ടികൾക്കും വിനോദ പരിപാടികള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവാഹപാര്‍ട്ടികള്‍ പോലുള്ള ചടങ്ങുകള്‍ക്ക് ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ക്ക് പത്ത് ദിവസത്തേക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സിനിമാ തിയേറ്ററുകള്‍, വിനോദ കേന്ദ്രങ്ങളിലും റെസ്‌റ്റോറന്റുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം സെന്ററുകൾ, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് സെന്ററുകള്‍ എന്നിവ അടച്ചിടാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഹോട്ടലുകളിലും മറ്റും നടക്കുന്ന കോര്‍പ്പറേറ്റ് മീറ്റിങുകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും ഒരുമാസത്തേക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. സാമൂഹിക ചടങ്ങുകളില്‍ അടുത്ത പത്ത് ദിവസത്തേക്ക് 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ന് രാത്രി 10 മണി മുതൽ പുതിയ തീരുമാനങ്ങൾ പ്രാബല്യത്തില്‍ വരും.
