മനാമ: നവകേരള ഹൂറ മുഹറഖ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ നടത്തിയ ‘സാഹിത്യ സദസ്സ്’ അവതരണമികവുകൊണ്ടും സംഘാടനമികവുകൊണ്ടും പങ്കാളിത്തമികവുകൊണ്ടും ഏറെ ശ്രദ്ധേയമായി. പരിപാടിയിൽ നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം എൻ കെ ജയൻ സ്വാഗതം പറഞ്ഞു. തുടർന്ന് സിനിമാ വർത്തമാനവുമായി എസ്.വി ബഷീർ ‘ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്-കെ.ജി.ജോർജ്ജ് മുതൽ ജിയോ ബേബി വരെ’ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
മലയാളം കണ്ട എക്കാലത്തെയും പ്രഗൽഭനായ സിനിമ സംവിധായകൻ കെ.ജി ജോർജ്ജിന്റെ ‘ആദാമിന്റെ വാരിയെല്ല് ‘ മുതൽ പുതുമുഖ സംവിധായകനായ ജിയോബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ വരെയുള്ള സ്ത്രീപക്ഷ സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും വിശദമായി അപഗ്രഥിച്ച് കൊണ്ട് അദ്ദേഹം സംസാരിച്ചു. മലായാള ഭാഷയിലെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്ചയുടെ രസതന്ത്രം കൊണ്ട് വിസ്മയിപ്പിച്ച സംവിധായകനാണ് കെ.ജി ജോർജ്ജ്. ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന സിനിമ ഒരു മിഡിൽക്ലാസ് നായർ ഫാമിലിയിലാണ് നടക്കുന്നതെങ്കിലും ഏത് ഒരു മതത്തിന്റെ അടുക്കളയിലേക്കും ഈ ഒരു ക്യാമറ തിരിഞ്ഞുപോകാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ ബഹ്റൈനിലെ സാംസ്കാരിക സാഹിത്യരംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. ചർച്ച ചെയ്യപ്പെട്ട കഴിഞ്ഞ കാല എല്ലാ മലയാളസിനിമകളിലും പുരുഷന്റെ സെക്സിനെപറ്റിയുള്ള അജ്ഞത എടുത്തുകാണിച്ചിട്ടുണ്ട്. സെക്സ് എജുക്കേഷൻ സ്കൂളുകളിൽ അത്യാവശ്യമാണെന്നാണ് ഈ സിനിമകളൊക്കെ സമൂഹത്തിനോട് ആവശ്യപ്പെടുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ബഹ്റൈൻ നവകേരള മുൻ പ്രസിഡന്റ് ശ്രീ. അജയകുമാർ പറഞ്ഞു.
കെ.ജി. ജോർജ്ജിനേയും ജിയോബേബിയെയും തമ്മിലുള്ള താരതമ്യത്തിനു പ്രസക്തി ഇല്ല. താനടക്കമുള്ള പുരുഷകേസരികളുടെ മുഖത്ത് അടികൊണ്ട സിനിമയാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഈ സിനിമയുടെ ആദ്യത്തെ 30-40 മിനുട്ട് വെറും അടുക്കള മാത്രം കാണിച്ച് പ്രേക്ഷകന് വിരസതയും അരോചകത്വവും സമ്മാനിക്കുന്നുവെങ്കിൽ ഈ അടുക്കളയും പരിസരത്തിലും മാത്രം ജീവിതം ഹോമിക്കുന്ന സ്ത്രീകളുടെ ജീവിതം എത്ര വിരസവും അരോചകവുമായിരിക്കും എന്നും ഓറ്റിറ്റി പ്ലാറ്റ് ഫോമിലല്ല ഈ സിനിമ റിലീസായിരുന്നതെങ്കിൽ സെൻസർ ബോർഡിന്റെ ഇടപെടലുണ്ടാകുമായിരുന്നെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച സാംസ്കാരിക പ്രവർത്തകനും നടനുമായ ശ്രീ. തരുൺകുമാർ അഭിപ്രായപ്പെട്ടു.
തങ്ങളെപോലുളള സ്ത്രീകൾ കാലങ്ങളായി അനുഭവിക്കുന്ന കാര്യങ്ങൾ നേരിട്ട് ഒരു കണ്ണാടിയിൽ കാണുന്നപോലുള്ള അനുഭവമായിരുന്നു ഈ സിനിമ സമ്മാനിച്ചത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന് പറഞ്ഞുകൊണ്ടുവന്ന സ്ത്രീകൾ യഥാർത്ഥത്തിൽ അടുക്കള പിന്നിൽ ഉപേക്ഷിച്ചുകൊണ്ട് സ്വതന്ത്രരായി അരങ്ങത്തേക്ക് വരണമായിരുന്നു പക്ഷേ സംഭവിച്ചത് അടുക്കളയോട് കൂടിയായിരുന്നു സ്ത്രീകൾ അരങ്ങത്തേക്ക് വന്നത് എന്ന് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച നുറുങ്ങുകവിതകളിലൂടെ ശ്രദ്ധനേടിയ കവയിത്രി ശ്രീമതി കവിത പറഞ്ഞു.
‘ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൺ ‘ എന്ന സിനിമയെകുറിച്ച് സംസാരിക്കുന്നവരെല്ലാം സിനിമയ്ക്കപ്പുറത്ത് വിഷയത്തെകുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഈ സിനിമയുടെ വിഷയത്തെക്കുറിച്ച് മനസ്സിൽ തട്ടി സംസാരിക്കുന്ന പുരുഷൻമാരൊക്കെ തന്നെ ഈ സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂടോ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ച കഥാപാത്രമോ അല്ല എന്നാണ് മനസിലാക്കേണ്ടത്. സ്ത്രീ സമൂഹത്തെ സംബ ന്ധിച്ചിടത്തോളം എല്ലാവരും ഈ സിനിമയെ അങ്ങനെ തന്നെ മനസിലാക്കി കൊള്ളണമെന്നില്ല. പുരുഷമേൽക്കോയ്മയിൽ അടിമപ്പെട്ട് കണ്ടീഷൻ ചെയ്ത് ജീവിക്കുന്നവർ ഇതിനെ അംഗീകരിക്കണമെന്നില്ല. നാമജപവും സദാചാരവും നടത്തികൊണ്ടിരിക്കുന്ന സ്ത്രീസമൂഹത്തിൽ ഈ സിനിമ ഒരു പരിവർത്തനവും നടത്താൻ പോകുന്നില്ല. ശബരിമല പോലെയുള്ള വിഷയങ്ങളിൽ പരാമർശിച്ചുപോകുന്ന സിനിമയിൽ സെൻസർ ബോർഡിന്റെയൊന്നും ഇടപെടൽ ഉണ്ടാകാത്തതും ആ രീതിയിൽ ഒരു കോളിളക്കം ഉണ്ടാക്കാത്തതിനും ഒരു കൈയ്യടി കൊടുക്കേണ്ടതാണെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച നോവലിസ്റ്റും സാഹിത്യകാരനുമായ ശ്രീ. സുധീഷ് മാഷ് അഭിപ്രായപ്പെട്ടു.
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന സിനിമ കാലത്തിനുനേരെ ഉയർത്തിപ്പിടിച്ച ഒരു കണ്ണാടിയാണ് എന്ന് പറയുമ്പോൾ തന്നെ പുതിയ തലമുറയിലെ ചെറുപ്പക്കാരിൽ ഒരളവുവരെയും അടുക്കളയിലേക്ക് കയറുകയും സ്ത്രീകളെ സഹായിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കരുതുന്നവരാണ്. സുരാജിന്റെ അച്ഛൻ കഥാപാത്രം സ്നേഹത്തിൽ ചാലിച്ച ‘മോളേ’ വിളിയിലൂടെ ഗർവൊന്നും കാണിക്കാതെ പാരമ്പര്യവാദത്തെ പതുക്കെ ചാലിച്ചുകൊടുക്കുകയാണ്. അതിനെയൊക്കെയാണ് നായിക കഥാപാത്രം മറികടക്കുന്നത്. ഇതൊക്കെ പറയുമ്പോൾ തന്നെ നാമാരാണ് എന്ന് നമ്മളിലെ പുരുഷനോട് നാം തന്നെ ചോദിക്കേണ്ട സന്ദർഭവുമാണ്. സ്വയം നമ്മിലേക്കും ടോർച്ച് അടിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ബഹ്റൈൻ പ്രതിഭ മുൻ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ.ഷരീഫ് അഭിപ്രായപ്പെട്ടു.
ഒരു കലാരൂപം ഒരു ആശയത്തെ സന്നിവേശിക്കുകയും അത് പതുക്കെ പതുക്കെ മനുഷ്യരുടെ ബോധത്തിലേക്ക് ഊർന്നൂർന്നിറങ്ങുകയും വേണം എന്നുള്ള ചിന്തയോട്കൂടി പൂർണ്ണമായും ഒരു കലാരൂപത്തിന്റെ സൃഷ്ടിയാണ് കെ.ജി. ജോർജ്ജിന്റെ ‘ആദാമിന്റെ വാരിയെല്ല്’ എങ്കിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ മുഖത്തൊരു അടിയാണ്. ഈ സിനിമ സ്ത്രീയുടെ ഒരു വിഷയത്തിനപ്പുറം മൊത്തം സമൂഹത്തിന്റെ ഒരു വിഷയമാണ്. സുരാജിന്റെ കഥാപാത്രം സിനിമയിൽ പ്രകടിപ്പിക്കുന്ന ഒരു വഴിയുണ്ടല്ലോ, ഇതൊന്നും എന്റെ ആവശ്യങ്ങളല്ല ഞാൻ നിന്നോടാവശ്യപ്പെടുന്നതല്ല പക്ഷേ ഇതെല്ലാം ഇങ്ങനെതന്നെ സംഭവിക്കേണ്ടതുണ്ട്, ഒന്നുകിൽ അച്ഛൻ, അല്ലെങ്കിൽ സമൂഹം, അല്ലെങ്കിൽ അയ്യപ്പന്മാർ, അല്ലെങ്കിൽ നമ്മുടെ വിശ്വാസ പ്രമാണങ്ങൾ തുടങ്ങിയ എനിക്കു പുറത്തുള്ള ഒരു പാട് സംഭവങ്ങൾ കാരണങ്ങളാലും ഇത് ഇങ്ങനെ തന്നെ വേണം എന്ന് ഭാര്യയോട് നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ആളുകളുടെ തലമുറ ഇതിനെ തിരിച്ചറിയുകയും ഇതിൽ നിന്നു പുറത്തുവരേണ്ടതുണ്ടെന്ന ബോധ്യം ഉണ്ടാവേണ്ടതുമാണ്. ഈ സിനിമകൊണ്ട് കുറേ അധികം പേർക്ക് ഡിവോഴ്സ് വേണമെന്ന് പെൺകുട്ടികൾക്ക് തോന്നി അതിനവർക്ക് ധൈര്യം ഉണ്ടായാൽ അത് സംഭവിക്കുകയും ചെയ്താൽ സിനിമ പിന്നെയും വിജയിക്കുകയാണ് എന്നാണ് തന്റെ പക്ഷം എന്ന് മതവാദികളായവർ ഉയർത്തുന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടി ബഹ്റൈനിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും പ്രാസംഗീകനുമായ ഇ എ സലീം അഭിപ്രായപ്പെട്ടു.
മതങ്ങളുടെ ഒരു അപ്രമാദിത്യം ഏത് സ്ത്രീ സമൂഹത്തെയും അടിച്ചമർത്തുവാൻ വേണ്ടി കാലങ്ങളായി ശ്രമിച്ചുകൊണ്ടിരുന്നിട്ടുണ്ടെന്ന് വിവിധ സ്ത്രീപക്ഷ സിനിമകളെ വിശകലനം ചെയ്ത് കൊണ്ട് സംസാരിച്ച നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം എ കെ സുഹൈൽ അഭിപ്രായപ്പെട്ടത്. ഈ സിനിമയുടെ കഥയിൽ എവിടെയും ഒരു ചർച്ചയ്ക്കുള്ള സാധ്യത സംവിധായകൻ കാണിച്ചില്ല. ഇത് ഒരു സമൂഹത്തിന്റെ മുഴുവൻ നേർക്കാഴ്ചയായോ, ഉദാത്തമായ ഒരു കലാസൃഷ്ടി ആയി വായിക്കുകയേ വയ്യ പക്ഷേ ഇതുമായി ബന്ധപ്പെടുത്തുവാൻ പറ്റുന്ന ആൾക്കാർ ഇന്നും നമ്മുടെ സമൂഹത്തിൽ ശേഷിക്കുന്നുണ്ട്, ഇത്തരം അവസ്ഥകൾ ഇന്നും നിലനിൽക്കുന്നുണ്ട് അതുകൊണ്ട് ഇപ്പോഴും പ്രസക്തമായ ഒരു വിഷയവും പ്രമേയവും അവതരണവുമാണ് ഇത് എന്ന് ബഹ്റൈനിലെ സാഹിത്യ സാംസ്കാരിക പ്രവർത്തകനായ ശ്രീ.വിജുകൃഷ്ണൻ വിമർശനാത്മകമായി അഭിപ്രായപ്പെട്ടു.
ഈ പുതിയ കാലഘട്ടത്തിൽ സ്ത്രീയുടെ അവകാശങ്ങൾ എവിടെയെങ്കിലും പുരുഷൻ ബന്ധിക്കപ്പെടുന്നുണ്ടെങ്കിൽതന്നെ അതിൽ നിന്നെല്ലാം പുറത്തുവരാനുള്ള അവസരം ഇന്നത്തെ സാഹചര്യത്തിൽ സമൂഹത്തിൽ നിലവിലുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഭാര്യയും ഭർത്താവും എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ചുള്ള വിദ്യാഭ്യാസക്കുറവിനെ പ്രമേയമാക്കി നിർമിച്ച ‘കെട്യോളാണെന്റെ മാലാഖ’ എന്ന സിനിമ ഇതേപോലെ വേണ്ടത്ര ചർച്ചയാവാതെ പോയതിലുള്ള നിരാശ പങ്കുവെച്ച് കൊണ്ട് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച നവകേരള കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല പറഞ്ഞു. പരിപാടിയിൽ നവകേരള പ്രവർത്തകരും സിനിമാ സാഹിത്യ ആസ്വാദകരായ നിരവധിപേരും പങ്കെടുത്തു. ബഹ്റൈൻ നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം ഷിജിൽ ചന്ദ്രമ്പേത്ത് മോഡറേറ്ററായിരുന്നു. നവകേരള ഹൂറ മുഹറഖ് മേഖലാ സെക്രട്ടറി പ്രവീൺ നന്ദി പ്രകടിപ്പിച്ചു.