മനാമ:ബഹ്‌റൈൻ കാൻസർ സൊസൈറ്റി ഗൾഫ് കാൻസർ ബോധവൽക്കരണ വാരവും, ഫെബ്രുവരി 4 ന് ലോക കാൻസർ ദിനവും ആചരിച്ചു. ക്യാൻസറിനെതിരെ പോരാടുന്നതിൽ എല്ലാവർക്കും ഒരു പ്രധാന പങ്കുണ്ടെന്ന് ബഹ്‌റൈൻ കാൻസർ സൊസൈറ്റി ഓർമ്മിപ്പിച്ചു. ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജിസിസി) അംഗങ്ങളായ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾ എല്ലാ വർഷവും ഫെബ്രുവരി ആദ്യവാരം ഗൾഫ് കാൻസർ ബോധവൽക്കരണ വാരമായി ആചരിച്ചു വരുന്നു.
“40 ശതമാനം സംരക്ഷണവും 40 ശതമാനം രോഗശാന്തിയും” എന്ന വിഷയത്തിൽ ഈ വർഷം ഫെബ്രുവരി 1 മുതൽ 7 വരെ നടന്ന ഗൾഫ് കാൻസർ ബോധവൽക്കരണ വാരത്തിന്റെ തുടക്കം കുറിക്കുന്നതിനായി തിങ്കളാഴ്ച സൊസൈറ്റി കർശനമായ COVID-19 മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ട് ഒരു പ്രതീകാത്മക യോഗം ചേർന്നു. കാൻസർ പ്രതിരോധത്തിന്റെ സാമൂഹിക ഉത്തരവാദിത്വം ഓർമപ്പെടുത്തിക്കൊണ്ട് ‘I am and I will’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഇത്തവണത്തെ ഗൾഫ് കാൻസർ ബോധവൽക്കരണ വാരാചരണം, കാൻസറിനെ സംബന്ധിച്ച ഓൺലൈൻ ബോധവൽക്കരണം മാത്രമായി ചുരുക്കുമെന്ന് ബഹ്റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൾറഹ്മാൻ ഫക്രോ വ്യക്തമാക്കി. പാപ്പ് സ്മിയർ നേരത്തേ കണ്ടെത്തിയതിനെത്തുടർന്ന് സെർവിക്കൽ ക്യാൻസർ കുറയുന്നത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതായും, അതേസമയം അണ്ഡാശയ ക്യാൻസർ കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ രോഗം നേരത്തെ അറിയാൻ , ഗർഭാശയത്തെയും അണ്ഡാശയത്തെയും പരിശോധിക്കാൻ, പെൽവിക് അൾട്രാസൗണ്ട് നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .