മനാമ: ബഹ്റൈനിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഫെബ്രുവരി 7 ഞായറാഴ്ച മുതൽ ഫെബ്രുവരി 21 വരെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
പുതുതായി വന്ന നിയന്ത്രങ്ങൾ ഇവയാണ്:
- സർക്കാർ സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും.
- ജിംനേഷ്യങ്ങൾ, സ്പോർട്സ് സെൻററുകൾ, സ്വിമ്മിംങ്പൂളുകൾ എന്നിവ അടച്ചിടും.
- ഔട്ട്ഡോർ കായിക വിനോദങ്ങളിൽ പരമാവധി 30 ആളുകളെ പങ്കെടുപ്പിക്കാം.
- ഇൻഡോർ കായിക പരിശീലനങ്ങൾ താൽകാലികമായി നിർത്തിവെക്കും.
വീടുകളിലും, സ്വാകാര്യ സ്ഥലങ്ങളിലും 30 പേരിലധികം ഒത്തുചേരാൻ അനുവദിക്കില്ല.
നേരത്തേ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കിയിരുന്നു. ജനുവരി 31 മുതൽ റെസ്റ്റോറൻ്റുകളിൽ ഏർപ്പെടുത്തിയ ഡൈനിംഗ് നിരോധനം തുടരുകയാണ്. ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാനാവില്ല. ടേക് എവേ – ഡെലിവറി സമ്പ്രദായങ്ങൾ മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു ഉത്തരവ്.
അതോടൊപ്പം തന്നെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 100363 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡിൽ നിന്നും രോഗമുക്തി നേടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ്റെ സ്ഥാനം മുൻ നിരയിൽ തന്നെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രോഗമുക്തിയുടെ കാര്യത്തിൽ ലോക ശരാശരി 57 ശതമാനവും ജി.സി.സി ശരാശരി 81 ശതമാനവുമാണെങ്കിൽ ബഹ്റൈൻ ശരാശരി 90 ശതമാനമാണ്. കാര്യക്ഷമമായ പരിശോധനയിലൂടെയാണ് രോഗികളെ കണ്ടെത്തുന്നതും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതുമെന്നത് ഏറെ ഗുണം ചെയ്യുന്നുണ്ട്. ആകെ 2779534 പേരെയാണ് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത്.
അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 702 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത് ആശങ്ക പരത്തുന്നുണ്ട്. ഫെബ്രുവരി 5 ന് 24 മണിക്കൂറിനിടെ 12775 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 291 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 402 പേർക്ക് സമ്പർക്കങ്ങളിലൂടെയും 9 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5458 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 37 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ മരണങ്ങളൊന്നും തന്നെ രേഖപ്പെടുത്താത്തത് ആശ്വാസ വാർത്തയായി. രാജ്യത്തെ കോവിഡ് മരണസംഖ്യ 377 ആയി തുടരുകയാണ്.
കോവിഡ് കേസുകൾ കുറഞ്ഞ സമയത്ത് നടപടികൾ ലഘൂകരിച്ചപ്പോൾ ജനങ്ങൾ അലംഭാവം കാണിക്കുകയും നിർദേശങ്ങൾ ലംഘിക്കുകയും ചെയ്തതാണ് വീണ്ടും വ്യാപനത്തിന് ഇടയാക്കിയതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ആരോഗ്യ മന്ത്രാലയം ഉണർന്നു പ്രവർത്തിക്കുകയും കോവിഡ് മാർഗനിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ആധികാരിക കേന്ദ്രങ്ങളിൽനിന്നല്ലാതെ പരിശോധന നടത്തുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. മന്ത്രാലയത്തിന് കീഴിലെ പരിശോധന കേന്ദ്രങ്ങളിൽനിന്ന് പരിശോധന നടത്തി റിസ്ക് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റിവായ 38കാരനായ സ്വദേശി യുവാവ് ഭാര്യയും മക്കളും ബന്ധുക്കളും അയൽക്കാരുമായി 14 പേർക്കാണ് രോഗം പകർന്നു നൽകിയത്. മറ്റൊരു 30കാരനായ സ്വദേശി 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം നൽകിയതായി സമ്പർക്ക പട്ടികകൾ വ്യക്തമാക്കുന്നു.
54 വയസ്സുള്ള സ്ത്രീ അഞ്ചു വീടുകളിലെ 14 പേർക്കാണ് രോഗം നൽകിയത്. പ്രവാസികളുടെ ക്യാമ്പുകളിലും ചില കമ്പനികളിലും രോഗവ്യാപനമുണ്ടായത് ആരോഗ്യവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ചില സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. നിയന്ത്രങ്ങൾ ശക്തമാക്കുന്നതിനൊപ്പം തന്നെ വാക്സിനേഷനും തുടരുന്നുണ്ട്. 179550 പേരാണ് ഇതുവരെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.