ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകസംഘടനകൾ ശനിയാഴ്ച ദേശീയ-സംസ്ഥാന പാതകൾ മൂന്നുമണിക്കൂർ ഉപരോധിക്കും. ഉച്ചക്ക് 12 മുതൽ 3 മണി വരെയാണ് ഉപരോധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. റിപ്പബ്ലിക് ദിനത്തിലെ വലിയ കർഷക പ്രതിഷേധത്തിനും സംഘർഷത്തിനും ശേഷം രാജ്യം മറ്റൊരു വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകളാണ് കർഷകർ ഉപരോധിക്കുന്നത്.
കനത്ത സുരക്ഷയാണ് എല്ലായിടത്തും പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാർ ദില്ലി അതിർത്തി കടക്കാതിരിക്കാൻ ബാരിക്കേഡുകൾക്കും മുളളുവേലികൾക്കും പുറമെ കോൺഗ്രീറ്റ് കട്ടകൾ ഉപയോഗിച്ച് മതിലുകളും പൊലീസ് നിർമ്മിച്ചിട്ടുണ്ട്. നേരത്തെ റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷം നടന്ന ചെങ്കോട്ട, മിൻറ്റോ റോഡ് എന്നിവിടങ്ങൾ കനത്ത സുരക്ഷാവലയത്തിലാണ്. ഒരു രീതിയിലും സംയമനം കൈവിടരുതെന്നും സംയുക്ത കിസാൻ മോർച്ച നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും സംഘടനകൾ കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. ഉപരോധത്തിന്റെ ഭാഗമായി 50,000 അർധ സൈനികരെ ദില്ലിയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തി.