തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ്-19 വാക്‌സിനേഷന്‍ ആരംഭിക്കേണ്ട സമയം ആയതിനാൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർദ്ദേശം നൽകി. ആളുകൾ കൃത്യ സമയത്ത് വാക്സിൻ എടുക്കാൻ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് മന്ത്രിയുടെ നടപടി. കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. ചിലര്‍ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അസൗകര്യത്താൽ കുത്തിവെയ്പ്പിനായി വരാൻ സാധിക്കാത്തവർ ആ വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.
ഒന്നാം ഘട്ടത്തിൽ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരടക്കം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്‌സിൻ നൽകുന്നത്. രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പായി എല്ലാ ആരോഗ്യ പ്രവർത്തകരും വാക്‌സിൻ എടുക്കണം. മൊബൈലില്‍ സന്ദേശം ലഭിച്ച ദിവസം തന്നെ എല്ലാവരും വാക്‌സിൻ സ്വീകരിക്കാൻ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തണമെന്നും വാക്‌സിന്‍ ലഭിക്കുവാനുള്ള അവസരം ഒഴിവാക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.