മനാമ:ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച കാലം 70 ശതമാനം ഉദ്യോഗസ്ഥരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. മന്ത്രാലയത്തിന്റെ ആസ്ഥാനങ്ങളിലും ബഹ്‌റൈൻ രാജ്യത്തുടനീളമുള്ള വിവിധ ഗവർണറേറ്റുകളിലുള്ള കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഈ നടപടിക്രമം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ നടപടികളുടെ ഭാഗമായാണ് സർക്കാർ സ്ഥാപനങ്ങളുടെ 70% ജീവനക്കാരെ രണ്ടാഴ്ചത്തേക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചത്. തൊഴിൽ മേഖലയിലായാലും സാമൂഹിക മേഖലകളിലായാലും ഓൺലൈനിൽ സേവനങ്ങൾ നേടാൻ കഴിയാത്തതോ ബുദ്ധിമുട്ടുള്ളതോ ആയ ആരെയും സഹായിക്കാൻ മന്ത്രാലയം സന്നദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹായത്തിനും അന്വേഷണങ്ങൾക്കുമായി 80008001 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിക്കാനും, മന്ത്രാലയത്തിന്റെ പോർട്ടലിൽ ലഭ്യമായ വകുപ്പുകളുടെ ഫോൺ നമ്പർ ഉപയോഗിക്കാനും, ഒപ്പം mlsdbahrain വഴി സേവനങ്ങളിൽ അപ്‌ഡേറ്റ് ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ ആയ www.mlsd.gov.bh വഴി മന്ത്രാലയത്തിന്റെ സേവനങ്ങൾ നേടാൻ പൊതുജനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാൻ മന്ത്രി എല്ലാ ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു.