ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റതായി ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം സ്ഥിരീകരിച്ചു. ചമോലിയിലെ പ്രധാന നദികളില്‍ ജലവിതാനം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ന് രാവിലെ രക്ഷാപ്രവർത്തനം പുന:രാരംഭിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കണക്കുകൾ പ്രകാരം 170 പേരെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 16 പേരെയാണ് രക്ഷപ്പെടുത്തി.
ധൗലിഗംഗയിലെ ടണലില്‍ 30-35 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടാത്തുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് പവര്‍ പ്രൊജക്ടുകളുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പ്രധാനമായും അപകടത്തിന് ഇരയായിരിക്കുന്നത്. രാവിലെയോടെയാണ് ചമോലിയിലെ തപോവൻ റെനി മേഖലയില്‍ വൻ മഞ്ഞിടിച്ചില്‍ ഉണ്ടായത്. മുന്നറിയിപ്പ് നല്‍കാൻ കഴിയുന്നതിന് മുന്‍പേ മൂന്ന് നദികളിലേക്കും കുറഞ്ഞ സമയത്തിനുള്ളില്‍ വെള്ളം കുത്തിയൊലിച്ചെത്തി. മലകളില്‍ നിന്ന് വലിയ പാറക്കല്ലുകളും കടപുഴകിയ മരങ്ങളും മലവെള്ളാപ്പാച്ചിലില്‍ ജനവാസമേഖലയിലേക്ക് ഇരച്ചെത്തി. തപോവന്‍ വൈദ്യുത പദ്ധതി പ്രളയത്തില്‍ ഭാഗികമായി തകര്‍ന്നു. പ്രളയം ഉണ്ടായതോടെ ഋഷികേശ് ശ്രീനഗര്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി കളയാന്‍ അധികൃതര്‍ അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു. ഭാഗിരഥി നദിയിലെ ജലമൊഴുക്കും നിയന്ത്രിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും.