മനാമ: സർക്കാറിൻ്റെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടിയ പതിനഞ്ച് പേർക്ക് ജയിൽ ശിക്ഷ വിധിച്ച് ബഹ്റൈനിലെ ക്രിമിനൽ കോടതി. പൊതു ഇടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരാൻ പാടില്ലെന്ന നിയമം ലംഘിച്ച കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. ജനിതക മാറ്റം വന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. തുടർന്ന് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തിരുന്നു. എന്നാൽ ചിലയിടങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് ആളുകൾ കൂട്ടം ചേരുന്നതായി അധികൃതർക്ക് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പതിനഞ്ചോളം പേർ പിടിയിലായത്. മൂന്നു മുതൽ ആറ് മാസം വരെ തടവ് ശിക്ഷയാണ് കോടതി ഇവർക്ക് വിധിച്ചത്. ആയിരം ദിനാർ പിഴയും അടക്കണം.
