തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചക്കിടയിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര , രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുമായും പൊലീസ് നോഡൽ ഓഫീസർമാരുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തി.
റംസാന്‍ വ്രതാരംഭത്തിനും വിഷുവിനും മുമ്പായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ആവശ്യപ്പെട്ടു. എന്നാൽ മേയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ബിജെപിയുടെ അഭിപ്രായം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം നിര്‍ദേശിച്ചെങ്കിലും അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.