റിയാദ്: സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി അയച്ച ഡ്രോൺ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ തുടർച്ചയായി ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഹൂതികള്‍ അബഹ വിമാനത്താവളം ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയക്കുകയും ഇതേതുടർന്ന് വിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപ്പിടിക്കുകയും ചെയ്തു. വളരെ വേഗം തീയണക്കാൻ കഴിഞ്ഞത് വലിയൊരു അപകടം ഒഴിവാക്കി. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിച്ചിരുന്നു. ഹൂതി ഭീഷണി അവസാനിപ്പിക്കാന്‍ യുഎന്‍ രക്ഷാ സമിതി ഇടപെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
