മനാമ: ബഹ്റൈനിൽ കോവിഡ് കേസുകളിലുണ്ടായ വർദ്ധനവ് പുതുതായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കാരണമാണെന്നും ഇത് കൂടുതൽ അപകടകാരിയാണെന്നും അതീവജാഗ്രത ആവശ്യമാണെന്നും ഓർമ്മിപ്പിച്ച് ബഹറൈനിലെ ആരോഗ്യവിദഗ്ധൻ. ബിഡിഎഫ് ഹോസ്പിറ്റലിലെ മൈക്രോബയോളജിസ്റ്റും കോവിഡിനെ നേരിടുന്ന നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോക്ടർ ലെഫ്റ്റനൻ കേണൽ മനാഫ് അൽ ഖ്വതാനിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന് എതിരെയുള്ള വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവും ആണെന്ന് സൂചിപ്പിച്ച അദ്ദേഹം വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടി വാക്സിൻ രജിസ്ട്രേഷൻ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മിപ്പിച്ചു.
നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് ഉൾപ്പെടെയുള്ള അധികൃതരുടെ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനാഫ് അൽ ഖ്വതാനി ഓർമ്മിപ്പിച്ചു. 10 ദിവസത്തിനുശേഷം തിരിച്ചുവരുന്ന യാത്രക്കാർക്ക് സെക്കൻഡ് പിസിആർ എടുക്കേണ്ട ഒരേ ഒരു രാജ്യം ബഹറൈൻ ആണെന്നും സമീപകാലത്ത് രാജ്യത്ത് ഉണ്ടായ കേസുകളുടെ വർദ്ധനവ് യാത്രക്കാരിൽനിന്ന് അല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് രണ്ടര ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതിൽ കുടുംബങ്ങളിൽ നിന്നും സ്വകാര്യ ഇടങ്ങളിൽ നിന്നുമാണ് കേസുകളുടെ വർദ്ധനവ് കൂടുതലും ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.