തിരുവനന്തപുരം: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവർത്തനങ്ങൾക്കായി 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. മാനന്തവാടി ജില്ലാ ആശുപത്രി സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനായാണ് പുതിയ തസ്‌തികകൾ സൃഷ്ടിച്ചതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
പ്രിന്‍സിപ്പാള്‍ (1 ), പ്രൊഫസര്‍(6), അസോ. പ്രൊഫസര്‍(21), അസി. പ്രൊഫസര്‍ (28), സീനിയര്‍ റസിഡന്റ് (27), ട്യൂട്ടര്‍/ ജൂനിയര്‍ റെസിഡന്റ് (32) എന്നിങ്ങനെയാണ് 115 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, സി.എ, സര്‍ജന്റ്, സ്വീപ്പര്‍ തുടങ്ങിയവയുള്‍പ്പെടെയാണ് 25 അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.