മനാമ: രാജ്യത്ത് ഓൺലൈനായി നൽകുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ്. സ്വഭാവ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള മേഖലയിലാണ് 44 ശതമാനത്തോളം ഡിജിറ്റൽ വൽക്കരണം സാധ്യമായിരിക്കുന്നത്. സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി നൽകാൻ തുടങ്ങിയതോടെ ഇതിനായുള്ള സമയവും ചെലവും വലിയ രീതിയിൽ ലാഭിക്കാനായെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
ജനങ്ങൾക്ക് സർക്കാർ സംവിധാനം എത്തിക്കുന്നതിൽ എല്ലാ മേഖലയിലും ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായം ലഭ്യമാക്കാനുള്ള എക്കണോമിക് വിഷൻ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിൽ ഈ നേട്ടം കൈവരിച്ചത്. Bahrain.bh എന്ന വെബ്സൈറ്റ് വഴിയാണ് പൗരന്മാർക്കും പ്രവാസികൾക്കും സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നത്. കൊവിഡ് മുൻകരുതൽ പാലിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.