മനാമ: റിഫയുടെ സാംസ്കാരിക പാരമ്പര്യം പ്രതിപാദിക്കുന്ന പുസ്തകം തയ്യാറാക്കിയ സതേൺ ഗവർണറേറ്റിനെ അഭിനന്ദിച്ച് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫയുമായി റിഫ പാലസിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റിഫയുടെ വികസനങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം ഗവർണർ കിരീടാവകാശിക്ക് സമ്മാനിച്ചു. സംസ്കാരത്തെ ഉൾക്കൊള്ളുന്നതിൽ പുസ്തകങ്ങളുടെ പ്രാധാന്യം വലുതാണെന്ന് കിരീടാവകാശി സൂചിപ്പിച്ചു.
സംസ്കാരിക പാരമ്പര്യം പരിപോഷിപ്പിക്കുന്നത് രാജ്യത്തിൻറെ വികസന പാതയിൽ പ്രധാനപ്പെട്ട കാര്യമാണെന്ന് കിരീടവകാശി എടുത്തുപറഞ്ഞു. ഗവർണറേറ്റിന്റെ പ്രവർത്തനങ്ങൾക്ക് കിരീടാവകാശിയും ഭരണകൂടവും നൽകുന്ന പിന്തുണക്ക് ഗവർണർ നന്ദി അറിയിച്ചു. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.