മനാമ: രാജ്യത്തെ തൊഴിൽ സംരംഭങ്ങളെ പിന്തുണച്ചുകൊണ്ടുള്ള പദ്ധതികൾ പുനരാരംഭിക്കുന്നതായി, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളെയും വ്യക്തികളെയും സഹായിക്കാനായി പ്രവർത്തിക്കുന്ന ഗവൺമെൻറ് ഏജൻസിയായ തംകീൻ അറിയിച്ചു. ബിസിനസ് ഡെവലപ്മെൻറ് പ്രോഗ്രാം ഉൾപ്പെടെയുള്ളവക്ക് വേണ്ട അപേക്ഷകൾ ഫെബ്രുവരി 21 ഞായറാഴ്ച മുതൽ സ്വീകരിച്ച് തുടങ്ങുമെന്ന് തംകീൻ ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫ അറിയിച്ചു. നൂതനവും സാങ്കേതിക മികവ് ഉള്ളതുമായ വിവിധ സംരംഭങ്ങൾക്ക് തംകീൻ നൽകുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നേരത്തെ ഇതേ കാര്യം സൂചിപ്പിച്ചിരുന്നു.
വിർച്ച്വൽ കൊമേഴ്സ്യൽ രജിസ്ട്രേഷൻ, ഒബ്ജക്റ്റീവ് ബേസ്ഡ് ട്രാക്കിംഗ്, ഹ്യൂമൻ ക്യാപിറ്റൽ സപ്പോർട്ട് എന്നിവയാണ് ബിസിനസ് ഡെവലപ്മെൻറ് പ്രോഗ്രാമിന് ഭാഗമായി പുതുതായി കൂട്ടിച്ചേർത്തിട്ടുള്ളത്. യന്ത്ര സംവിധാനങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ക്വാളിറ്റി മാനേജ്മെൻറ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ്, ബിസിനസ് കൺസൾട്ടിംഗ്, അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റ്, എക്സിബിഷൻ പാർട്ടിസിപ്പേഷൻ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവക്ക് 50 ശതമാനം ചെലവ് വരെ തംകീൻ ഏറ്റെടുക്കുന്ന രീതിയിലാണ് പുതിയ പദ്ധതികൾ. സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന സ്വദേശികളുടെ 50 ശതമാനം വരെയുളള ശമ്പളത്തിൽ സബ്സിഡി, ശമ്പളത്തിൽ 200 ദിനാർ വരെയുള്ള ഇൻഗ്രിമെൻറ്, സ്റ്റൈപ്പൻഡ് നൽകുന്നതിൽ 80 ശതമാനം വരെയുള്ള പിന്തുണ, ഔട്ട് സോഴ്സിംഗ് പ്രോസസുകൾക്ക് 50 ശതമാനം വരെയുള്ള സപ്പോർട്ട് എന്നിവയൊക്കെയാണ് തംകീൻ വാഗ്ദാനം ചെയ്യുന്നത്. പ്രവാസി സ്ഥാപന ഉടമകൾക്കും പദ്ധതി ഏറെ ഗുണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് https://www.tamkeen.bh/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
https://www.instagram.com/p/CLXDDLwF0sl/?igshid=siohfn79alnd