മനാമ: കോവിഡ് പ്രതിസന്ധിയുടെ പേരിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ തയാറാകുന്ന കേന്ദ്ര സർക്കാർ യാഥാർഥ്യങ്ങൾ മനസ്സിലാക്കി പുതിയ നിയമങ്ങൾ പിൻവലിക്കണമെന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. സത്യസന്ധമായി ഒരു സർവേ നടത്തി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രവാസികളിൽ നിന്ന് എത്രപേർക്ക് രോഗം പടർന്നു എന്ന് വെളിപ്പെടുത്തണം. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ രാജ്യത്ത് പടർന്നു പിടിക്കുന്ന കോവിഡിന്റെ കാരണക്കാർ പ്രവാസികളാണ് എന്ന രീതിയിൽ പ്രസ്താവനകൾ നടത്തുകയും അനാവശ്യമായി ടെസ്റ്റുകൾ നടത്തണം എന്ന് ആവശ്യപ്പെടുന്നത് പ്രവാസികളോട് കാണിക്കുന്ന വിവേചനമാണ്. എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ ഉള്ള നെഗറ്റീവ് സർട്ടിഫിക്കേറ്റ്, നാട്ടിൽ എത്തിക്കഴിഞ്ഞാൽ ഉള്ള ടെസ്റ്റ്, പിന്നെ പതിനാല് ദിവസത്തേക്ക് ഉള്ള ക്വറന്റൈൻ തുടങ്ങിയുള്ള നിയമങ്ങൾ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ബഹ്‌റൈൻ പോലെയുള്ള രാജ്യങ്ങൾ പിന്തുടരുന്ന നിയമങ്ങൾ പ്രാവർത്തികമാക്കുവാൻ ശ്രമിച്ചാൽ ഒരു പരിധിവരെ പ്രവാസികളുടെ പരാതികൾക്ക് പരിഹാരമുണ്ടാക്കുവാൻ സാധിക്കും. സർക്കാർ നടപ്പിലാക്കാൻ പോകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയകമ്മറ്റി ആവശ്യപ്പെട്ടു.
