മനാമ: ബഹ്റൈനിലേക്ക് വരുന്നവർക്കും ഇന്ത്യയിലേക്ക് പോകുന്നവർക്കുമുള്ള പുതിയ നിബന്ധനകൾ ഇന്ന് (ഫെബ്രുവരി 22, തിങ്കൾ) മുതൽ പ്രാബല്യത്തിൽ. ജനിതകമാറ്റം വന്ന അതിതീവ്ര കൊറോണ വൈറസിൻ്റെ സാന്നിധ്യം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.
ബഹ്റൈനിലേക്ക് വരുന്നവർ ഇന്ന് (ഫെബ്രുവരി 22) മുതൽ രാജ്യത്തിറങ്ങിയ ശേഷം മൂന്ന് കോവിഡ് ടെസ്റ്റുകൾക്ക് വിധേയമാകണം. എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ നടത്തുന്ന ടെസ്റ്റിന് പുറമേ അഞ്ചാം ദിനവും പത്താംദിനവുമാണ് മറ്റു രണ്ട് ടെസ്റ്റുകൾ, ഈ ടെസ്റ്റുകൾക്കുള്ള അപ്പോയിൻമെൻ്റുകൾ ബി അവെയർ ആപ്പ് വഴി എടുക്കാവുന്നതാണ്. ഓരോ പരിശോധനകൾക്ക് ശേഷവും റിസൽട്ട് ലഭിക്കും വരെ ഹോം ക്വാറൻ്റീൻ നിർബന്ധമാണ്. മൂന്ന് ടെസ്റ്റുകൾക്കും കൂടെ 36 ബഹ്റൈൻ ദിനാർ അടച്ചാൽ മതിയാകും. നേരത്തെ 40 ദിനാർ അടച്ചുള്ള രണ്ട് ടെസ്റ്റുകളാണ് ഉണ്ടായിരുന്നത്.
ബഹ്റൈനിലേക്ക് വരുന്നവർ:
1.മൂന്ന് ടെസ്റ്റുകൾക്കുള്ള ഫീസ് 36 ദിനാർ
2. ബഹ്റൈൻ എയർപോർട്ടിൽ ആദ്യ കോവിഡ് ടെസ്റ്റ്
3.ഫലം ലഭിക്കുന്നത് വരെ ഹോം ക്വാറൻ്റീൻ
4.അഞ്ചാം ദിനം രണ്ടാം ടെസ്റ്റ്
5.പത്താം ദിനം മൂന്നാം ടെസ്റ്റ്
6.അവസാന രണ്ട് ടെസ്റ്റുകൾക്കുമുള്ള അപ്പോയിൻമെൻ്റ് BeAware ആപ്പ് വഴി എടുക്കാം
ഇന്ത്യയിലേക്ക് പോകുന്നവർ ഇന്ന് (ഫെബ്രുവരി 22) അർദ്ധരാത്രി മുതൽ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധനകളിൽ പറയുന്നത്.
www.newdelhiairport.in എന്ന വെബ്‍സൈറ്റ് വഴിയാണ് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടത്. കഴിഞ്ഞ 14 ദിവസത്തിനിടെ നടത്തിയ മറ്റ് യാത്രകളുടെ വിവരങ്ങള്‍ ഈ ഡിക്ലറേഷനില്‍ നല്‍കണം. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതുകയും അത് പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യുകയും വേണം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തിയ ശേഷം മോളിക്യൂലാര്‍ പരിശോധനത്ത് വിധേയമാകണം. ഇതിനുള്ള ചെലവ് സ്വയം വഹിക്കണം. ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ, യൂറോപ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇത് ബാധകമാണ്.
ഇന്ത്യയിലേക്ക് പോകുന്നവർ:
1. പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും RT – PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
2.യാത്രക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തണം
3.എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയും കൈവശം വെക്കുകയും വേണം
4.സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തവരെ മാത്രമേ വിമാനത്തിൽ കയറാൻ അനുവദിക്കൂ
5.നാട്ടിൽ ഇറങ്ങിയ ശേഷം വിമാനത്താവത്തിൽ വെച്ച് സ്വന്തം ചെലവിൽ പരിശോധന നടത്തണം