ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമേലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞതിനെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 136 പേര്‍ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചു. 60 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്. നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞു വീണതിനെത്തുടര്‍ന്നാണ് ദുരന്തം സംഭവിച്ചത്. എന്‍.ടി.പി.സി.യുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും അപകടത്തിൽ പ്പെട്ടത്. മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.