മനാമ: ബുസൈതീനിലും ജുഫൈറിലും ഫുഡ് ട്രക്കുകളിൽ പരിശോധന നടത്തി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന് കീഴിലെ പരിശോധനാ വിഭാഗം. ട്രാഫിക് വിഭാഗം, മുഹറഖ്-മനാമ പൊലീസ് ഡയറക്ടറേറ്റ്,സിവില്‍ ഡിഫന്‍സ്, ആരോഗ്യ മന്ത്രാലയം, മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍, മനാമ മുനിസിപ്പല്‍ കൗണ്‍സില്‍, എല്‍.എം.ആര്.എ എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്.
ഫുഡ് ട്രക്കുകളുടെ പ്രവര്‍ത്തനം സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ ഗവര്‍ണറേറ്റ് പരിധികളിലും പരിശോധന നടത്തും. സ്വദേശികളുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതോടൊപ്പം നിബന്ധനകള്‍ പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുകയെന്ന് ഉറപ്പാക്കുകയും ചെയ്യും. ആവശ്യമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടൊന്ന് ഉറപ്പുവരുത്താൻ ഇൻസ്പെക്ടർമാർ 130 ഫുഡ് ട്രക്കുകൾ പരിശോധിച്ചു. ഇതില്‍ 61 എണ്ണം നിബന്ധനകള്‍ പാലിച്ചതായി പരിശോധനയില്‍ കണ്ടെത്തി, ജുഫൈറിൽ 19 എണ്ണവും ബുസൈതീനിൽ 42 എണ്ണവും. എട്ട് ട്രക്കുകളില്‍ സ്വദേശികളില്ലാതെ വിദേശികള്‍ മാത്രം തൊഴിലെടുക്കുന്നതായും മൂന്ന് ട്രക്കുകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ശേഷിക്കുന്ന ട്രക്കുകളിൽ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.