സൗദിയിൽ അപേക്ഷിച്ചു 24 മണിക്കൂറിനകം ലഭ്യമാകുന്ന ഈവന്റ് വിസ പ്രാബല്യത്തിൽ. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച സൗദി ക്യാബിനെറ്റിൻറെ പ്രഖ്യാപനം പുറത്തുവന്നത്. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി സൗദിയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇവന്റ് വിസ സൗകര്യം ഏര്‍പ്പെടുത്താന്‍ സൗദി ക്യാബിനറ്റ് തീരുമാനിച്ചത്. ലോകത്തിലെ പ്രധാന ഉല്ലാസ കേന്ദ്രമായി സൗദിയെ മാറ്റാന്‍ ലക്ഷ്യമിട്ടും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
രാജ്യത്ത് നടക്കുന്ന വിവിധ വിനോദ, കായിക, ബിസിനസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം വിസ അനുവദിക്കുന്നതാണ് ഇവന്റ് വിസയുടെ പദ്ധതി. വിദേശത്തെ എംബസികളിലും കോണ്‍സുലേറ്റുകളിലും ഇതിനുള്ള അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം തന്നെ വിസ നല്‍കുമെന്നും ക്യാബിനറ്റ് വ്യക്തമാക്കുന്നു.
സൗദിയിലെ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി, ജനറല്‍ സ്പോര്‍ട്സ് അതോരിറ്റി, ജനറല്‍ എന്‍റര്‍ടൈന്‍മെന്റ് അതോരിറ്റി എന്നിവ പരിപാടികളുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. രണ്ട് മാസം മുന്‍പെങ്കിലും വിവരങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ചായിരിക്കും എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ അനുവദിക്കുക. സന്ദര്‍ശക വിസയ്ക്ക് സമാനമായ ഫീസ് ഇതിനും ഈടാക്കും.