തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിച്ച കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വാക്‌സിൻ സ്വീകരിക്കാൻ ഒരുങ്ങുന്നു. അടുത്ത ദിവസം തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വാക്സീൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. ഇന്ത്യയിൽ ഇന്ന് മുതൽ ആരംഭിച്ച രണ്ടാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. 60 വയസ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59 നും ഇടയിൽ പ്രായമുള്ളവർക്കുമാണ് വാക്‌സിൻ നൽകുന്നത്. പത്തു കോടിയിലധികം പേർക്ക് കൊവിഡ് വാക്സീൻ നല്കുന്നതിനുള്ള നടപടികൾക്കാണ് രണ്ടാം ഘട്ടത്തിലൂടെ തുടക്കം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദില്ലി എയിംസിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. സർക്കാർ മേഖലയിൽ സൗജന്യമായും സ്വകാര്യ ആശുപത്രികളിൽ 250 രൂപ ഈടാക്കിയാണ് വാക്‌സിൻ നൽകുന്നത്.
