മനാമ: ബഹ്റൈനിൽ മാർച്ച് 4 വ്യാഴാഴ്ച മുതൽ പള്ളികളിലെ പ്രാർത്ഥന പുനരാരംഭിക്കുമെന്ന് ഇസ്ലാമിക – നീതിന്യായകാര്യ മന്ത്രാലയം അറിയിച്ചു. പുലർച്ചെയും ഉച്ചക്കും വൈകുന്നേരങ്ങളിലുമായുള്ള സുബഹി, ളുഹർ, അസർ നമസ്‌കാരങ്ങൾക്ക് മാത്രമായാവും തുറക്കുക. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്‌സിന്റെ നിർദേശനങ്ങൾക്കനുസൃതമായാണ് തീരുമാനം. കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചാവണം പള്ളികളിൽ എത്തേണ്ടത്.
അതേസമയം പള്ളികളിൽ മഗ്‌രിബ്, ഇശാ, വെള്ളിയാഴ്ച പ്രാർത്ഥനയായ ജുമുഅഃ നമസ്കാരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കൂടിച്ചേരൽ ഒഴിവാക്കുന്നതിനായി 2020 മാർച്ച്28 മുതലാണ് രാജ്യത്ത് ജുമുഅ നമസ്കാരമടക്കമുള്ള പള്ളികളിലെ പ്രാർത്ഥനകൾ എല്ലാം നിർത്തിവെച്ചിരുന്നത്. ഓഗസ്റ്റ് 28 മുതൽ സുബുഹി, നവംബർ 1 മുതൽ ളുഹർ, ഡിസംബർ 6 മുതൽ അസർ നമസ്കാരങ്ങൾ പുനരാരംഭിച്ചുവിരുന്നുവെങ്കിലും രാജ്യത്ത് ജനിതകമാറ്റം വന്ന കോവിഡ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി 11 മുതൽ വീണ്ടും അടച്ചിടേണ്ടി വരികയായിരുന്നു.