മനാമ: കോവിഡിനെ നേരിടുന്നതിൽ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകരുടെ ആത്മാർഥമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഹെൽത്ത് അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മാനിയ. ലോകത്തെ ബാധിക്കുന്ന അസാധാരണമായ ആരോഗ്യസ്ഥിതികൾക്കിടയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈൻ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മികച്ച നേട്ടങ്ങൾ കൈവരിച്ചതായും ആലി ഫീൽഡ് സെൻററിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നടത്തിയ സന്ദർശനത്തിനിടെ ഡോ. വലീദ് പറഞ്ഞു. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് സെൻററിലെ ആരോഗ്യ പ്രവർത്തകരും വളൻറിയർമാരും നടത്തുന്ന സേവനങ്ങളും അവരുടെ ദേശസ്നേഹവും പ്രശംസനീയമാണെന്ന് അൽ മാനിയ പറഞ്ഞു.
താൽപര്യമുള്ളവർക്ക് വീട്ടിൽ ക്വാറൻറീൻ, സ്ത്രീകൾക്കും കുട്ടികൾക്കും മുൻകരുതൽ ക്വാറൻറീൻ എന്നിവക്കായാണ് ആലി ഫീൽഡ് സെൻറർ പ്രവർത്തിക്കുന്നത്. അണ്ടർസെക്രട്ടറി ബഹ്‌റൈനികൾക്കും വിദേശികൾക്കും നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പാലിച്ച എല്ലാ നടപടിക്രമങ്ങളെക്കുറിച്ചും അന്വേഷിച്ചു. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് അംഗമായ അൽ മാനിയ, പകർച്ചവ്യാധിയുടെ വിവിധ ഘട്ടങ്ങളിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലും രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിരമായി മെഡിക്കൽ സേവനങ്ങൾ നൽകിയ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമതയെ പ്രശംസിച്ചു.