മനാമ: കോവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിത യാത്ര സാധ്യമാക്കുന്നതിന് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ‘അയാട്ട ട്രാവൽ പാസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് ഗൾഫ് എയർ തയാറെടുക്കുന്നു. ഇതിനകം നിരവധി എയർലൈൻസുകൾ ഇൗ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
ആപ്ലിക്കേഷനിലൂടെ ഗൾഫ് എയർ യാത്രക്കാർക്ക് ഒരു ഡിജിറ്റൽ പാസ്പോർട്ട് തയാറാക്കാൻ കഴിയും. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ കോവിഡ് നിബന്ധനകളും മറ്റും അറിയാനും അതിനനുസരിച്ച് യാത്ര ക്രമീകരിക്കാനും ഇതുവഴി സാധിക്കും. പരീക്ഷണ ഘട്ടത്തിൽ ബഹ്റൈനിൽനിന്ന് തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാണ് ഇൗ സേവനം ലഭ്യമാവുക.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുരക്ഷിതമായും ആത്മ വിശ്വാസത്തോടെയും യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതിന് അയാട്ട ട്രാവൽ പാസുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഗൾഫ് എയർ ആക്ടിങ് സി.ഇ.ഒ ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലാവി പറഞ്ഞു. യാത്രാ രേഖകൾ ഇറങ്ങുന്ന രാജ്യത്തെ മാനദണ്ഡങ്ങൾക്കനുസരിച്ചാണോ എന്ന് വിലയിരുത്തി യാത്ര ചെയ്യാൻ സഹായിക്കുന്ന ‘ഡിജിറ്റൽ പാസ്പോർട്ട്’ ആണ് അയാട്ട ട്രാവൽ പാസ് എന്നും അദ്ദേഹം പറഞ്ഞു.
അയാട്ട ട്രാവൽ പാസ് പരീക്ഷിക്കുന്നതിന് ഗൾഫ് എയറുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അയാട്ട സീനിയർ വൈസ് പ്രസിഡൻറ് നിക്ക് കറീൻ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ ഇത് യാത്രക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ സമ്പദ്വ്യവസ്ഥയിൽ നിർണായകമായ ട്രാവൽ, വിനോദ സഞ്ചാര മേഖലയുടെ സുരക്ഷിതമായ വീണ്ടെടുപ്പിനുള്ള മാർഗമാണ് അയാട്ട ട്രാവൽ പാസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.