“മാന്യമായി ജീവിക്കുക എന്നത് എൻഡോസൾഫാൻ ഇരകളുടെ അവകാശം” – ദയാബായി; SYMS-GFSS വർക്ക് ഓഫ് മേഴ്സി അവാർഡ് ദയാബായിക്ക് സമ്മാനിച്ചു

മനാമ: ബഹറൈനിലെ സീറോ മലബാർ സൊസൈറ്റി പ്രഖ്യാപിച്ച SYMS-GFSS വർക്ക് ഓഫ് മേഴ്സി അവാർഡ് ദയാബായി എന്നറിയപ്പെടുന്ന പ്രമുഖ സാമൂഹിക പ്രവർത്തക മേഴ്സി മാത്യുവിന് സമ്മാനിച്ചു. മാർച്ച് മാസം ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ക്യാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ Saleh Tarradah മുഖ്യാതിഥിയായിരുന്നു. ബഹറൈൻ ബിസിനസ് സൊസൈറ്റി പ്രസിഡണ്ട് Ahlam Janahi വിശിഷ്ടാതിഥിയായിരുന്നു. സിംസ് ജനറൽ സെക്രട്ടറി ശ്രീ. ജോയി തരിയത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ശ്രീ.പോൾ ഉർവത്ത് അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ എൻഡോസൾഫാൻ ഇരകൾക്ക് നേടിക്കൊടുക്കുക എന്നതാണ് ദയാബായി ഇപ്പോൾ ലക്ഷ്യമിടുന്നത്. എൻഡോസൾഫാൻ ഇരകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതം പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാണിക്കുക എന്ന ലക്ഷ്യവുമായാണ് ബഹ്റൈനിൽ എത്തിയതെന്ന് ദയാബായി അവരുടെ മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഒരു പുനരധിവാസകേന്ദ്രം സിറോമലബാർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പണി തീർക്കുമെന്ന് പ്രസിഡണ്ട് ശ്രീ പോൾ പ്രസ്താവിച്ചു. പ്രസ്തുത ചടങ്ങിൽ Syms മീഡിയ അവാർഡ് ഡോക്ടർ അൻവർ മൊയ്തീന് സമ്മാനിച്ചു. സിറോ മലബാർ സൊസൈറ്റിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന Syms Charity Benevolence അവാർഡ് VKL ഹോൾഡിങ്സ് ചെയർമാൻ ഡോക്ടർ വർഗീസ് കുര്യനും ഖത്തർ എൻജിനീയറിങ് ഉടമ ശ്രീ. ബാബുരാജിനും സമ്മാനിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശ്രീ. സോമൻ ബേബി, കോർ ഗ്രൂപ്പ് ചെയർമാനും പരിപാടിയുടെ ജനറൽ കൺവീനറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ. ചാൾസ് ആലുക്ക നന്ദി പ്രമേയം അവതരിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി സിംസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഡാൻസും എൻഡോസൾഫാൻ ദുരിത ബാധിതരെ കുറിച്ച് അവതരിപ്പിച്ച സ്കിറ്റും പ്രധാന ആകർഷണമായിരുന്നു. ഔദ്യോഗിക പരിപാടികൾക്കു ശേഷം ദയാബായിയുടെ ഏകാംഗ നാടകവും അരങ്ങേറി. പരിപാടിയിൽ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.